Site iconSite icon Janayugom Online

സ്നേഹത്തിനും കരുതലിനും പണം പകരമാകില്ല

ഒരു വീട്ടമ്മയുടെ മരണത്തിന് എത്ര രൂപ നഷ്ടപരിഹാരമായി നല്‍കിയാലും മതിയാകില്ലെന്നും അവര്‍ കുടുംബത്തിന് നല്‍കുന്ന സ്നേഹത്തിനും കരുതലിനും പകരമാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി. കുടുംബത്തിന് 15.95 ലക്ഷം നഷ്ടപരിഹാരമായി നല്‍കാൻ കോടതി വിധിച്ചു.

വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് 17.38 ലക്ഷം രൂപ നഷ്ടപരിഹാര തുക വിധിച്ച മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി) ഉത്തരവിനെ ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ഗൗരംഗ് കംഡാണ് വിധി പുറപ്പെടുവിച്ചത്. മരിച്ച വ്യക്തിയുടെ വരുമാനം, വിദ്യാഭ്യാസം എന്നിവ ലഭ്യമല്ലെന്നും മിനിമം വേജ് നിയമമനുസരിച്ച് ഒരു വീട്ടമ്മയുടെ സാങ്കല്പിക വരുമാനം കണക്കാക്കി നഷ്ടപരിഹാരത്തുക നല്‍കാൻ സാധിക്കില്ലെന്നും കമ്പനി വാദിച്ചു. വീട്ടമ്മയുടെ വരുമാനം കണക്കാക്കിയതില്‍ എംഎസിടിക്ക് തെറ്റുപറ്റിയതായും കമ്പനി ആരോപിച്ചു. കോടതി ഈ വാദം തള്ളി.

കോടതികളും ട്രിബ്യൂണലുകളും എത്ര തന്നെ കൃത്യതയോടെ നോക്കിയാലും ഒരാളുടെ ജീവന്റെ നഷ്ടപരിഹാരത്തുക കൃത്യമായി കണക്കാക്കാനാകില്ല. അവര്‍ കുടുംബത്തിന് നല്‍കുന്ന സേവനം കണക്കിലെടുക്കണം. അമ്മ, ഭാര്യ, മകള്‍, മരുമകള്‍ തുടങ്ങിയ നിലകളില്‍ അവര്‍ വഹിക്കുന്ന പദവികള്‍ കണക്കാക്കാൻ എത്ര തന്നെ ശ്രമിച്ചാലും കോടതികള്‍ക്ക് സാധിക്കില്ലെന്നും ജസ്റ്റിസ് കംഡ് നിരീക്ഷിച്ചു.

നഷ്ടപരിഹാരത്തുക കുടുംബത്തിന് സാമ്പത്തിക സഹായം മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഒരു അമ്മയോ ഭാര്യയോ നല്‍കുന്ന സ്നേഹവും കരുതലും നല്‍കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എംഎസിടിയുടെ വിധി തെറ്റല്ലെന്ന് പറഞ്ഞ കോടതി തെളിവുകളില്ലാത്ത അവസരങ്ങളില്‍ സാങ്കല്പിക വരുമാനം കണക്കാക്കേണ്ടി വരുമെന്നും വ്യക്തമാക്കി.

Eng­lish Sum­ma­ry: Mon­ey can­not replace love and care

You may also like this video

Exit mobile version