Site iconSite icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സത്യേന്ദർ ജെയിന്റെ വീട്ടിൽ ഇഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് റെയ്ഡ്. ഡല്‍ഹിയിൽ ജെയിനിന്റെ വീട്ടിലും മറ്റ് ഇടങ്ങളിലും സമാന്തരമായാണ് റെയ്ഡുകൾ നടന്നതെന്നാണ് റിപ്പോർട്ട്.

മെയ് 30‑നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനെ എൻഫോഴ്സ്മെന്റെ ഡയറക്റ്റേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഷെൽ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന 2017‑ൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

പഞ്ചാബിലെ ജനപ്രിയ ഗായകൻ സിദ്ദുമൂസൈവാലയുടെ കൊലപാതകമുൾപ്പടെയുള്ള സംഭവങ്ങൾക്ക് പിന്നാലെ ആംആദ്മി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ അറസ്റ്റ്.

ഡല്‍ഹിയിലെ ആം ആദ്മി പാർട്ടി സർക്കാരും കേന്ദ്രസർക്കാരും ബിജെപിയും തമ്മിൽ വലിയ രാഷ്ട്രീയപ്പോരിന് ഈ അറസ്റ്റ് വഴി വച്ചിരുന്നു. കേസ് തീർത്തും രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കടുത്ത ഭാഷയിലാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുവെന്ന് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞ കെജ്‍രിവാൾ, ഇതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നും, മന്ത്രിസഭയിൽ എല്ലാവരെയും കേന്ദ്രസർക്കാർ കൂട്ടത്തോടെ അറസ്റ്റ് ചെയ്യട്ടെ എന്നും ആഞ്ഞടിച്ചു.

Eng­lish summary;Money laun­der­ing case; ED raid on Satyen­der Jain’s house

You may also like this video;

Exit mobile version