Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സത്യേന്ദ്ര ജെയിനെ 10 ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്നലെ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ 10 ദിവസത്തേക്ക് കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി ജൂൺ 9 വരെ 10 ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.

എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിടുന്നതിനെ സത്യേന്ദ്ര ജെയിന് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു. ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി ഇഡി കസ്റ്റഡി അനുവദിച്ചത്.

ഷെൽ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിൽ ഇന്നലെയാണ് സത്യേന്ദ്ര ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2015–16 കാലയളവിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിൻ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊൽക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തൽ.

ഈ പണമുപയോഗിച്ച് മന്ത്രി ഡല്‍ഹിയിൽ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലിൽ ഈ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
2017ൽ സിബിഐയും സമാന പരാതിയിൽ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. കേന്ദ്ര ഏജൻസികൾ സത്യേന്ദ്ര ജെയിനെ നിരവധി തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.

Eng­lish summary;Money laun­der­ing case; Satyen­dra Jain was remand­ed in ED cus­tody for 10 days

You may also like this video;

Exit mobile version