Site iconSite icon Janayugom Online

പണം കൈമാറ്റം: മാലിദ്വീപിലെ നിയന്ത്രണം ഇന്ത്യൻ പ്രവാസികളെ ദുരിതത്തിലാക്കുന്നു

നാടും കുടുംബവും വിട്ട് ദ്വീപ് സമൂഹമായ മാലിദ്വീപിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയയ്ക്കാനാകാതെ ദുരിതത്തിൽ.
നാട്ടിലേക്ക് പണം അയയ്ക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുന്നതാണ് മാലിദ്വീപിലെ പ്രവാസികൾക്ക് ദുരിതം സമ്മാനിക്കുന്നത്. മലയാളികളടക്കം ഏകദേശം 30,000ത്തോളം ഇന്ത്യൻ പ്രവാസികൾ ആണ് മാലിദ്വീപിലുള്ളത്. പ്രതിമാസം നാട്ടിലേക്ക് അയയ്ക്കാവുന്ന പണത്തിന്റെ പരിധി 150 ഡോളർ (ഏകദേശം 13,000 രൂപ) ആക്കിയ ശേഷം ഇവിടെയുള്ള ഭൂരിഭാഗം പ്രവാസികളും ഇവരെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലാണ്.
പണം കൈമാറ്റ പരിധി ഉയർത്തണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് അധ്യാപകർക്കും ആരോഗ്യമേഖലയിലെ ജീവനക്കാർക്കും പരിധി 300 ഡോളർ (26,000) വരെ ആക്കി ഉയർത്തിയിരുന്നു. എന്നാൽ എൻജിനീയര്‍മാര്‍, ടെക്നീഷ്യൻസ് എന്നിങ്ങനെ മറ്റ് തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർ കഴിഞ്ഞ നാല് മാസത്തിലേറെയായി ദുരിതം പേറുകയാണ്. മാൽദീവിയൻ റുഫിയ (എംവിആർ) ആയി ശമ്പളം കിട്ടുന്നവർ പണം കൈമാറുമ്പോഴാണ് നിയന്ത്രണം പ്രശ്നം സൃഷ്ടിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ പ്രതിസന്ധിയില്ല.
മാലിദ്വീപിൽ പ്രവാസികൾക്ക് പണമിടപാടുകൾക്കുള്ള ഏക ആശ്രയം എസ്ബിഐ ആണ്. പ്രവാസികൾക്ക് ഒരു മാസം നാട്ടിലേക്ക് അയക്കാവുന്ന പണത്തിന്റെ പരിധി ബാങ്ക് ആദ്യം 500 ഡോളറായും 400 ഡോളറായും പിന്നീട് 150 ഡോളർ ആയും കുറയ്ക്കുകയായിരുന്നു. നാല് മാസമായി പ്രതിസന്ധി തുടരുകയാണെന്നും നാട്ടിൽ വ്യവസായത്തിനും ഭവന, കാർ വായ്പാ തിരിച്ചടവുകൾക്കും പണം ചെലവഴിക്കേണ്ടതിനാൽ നിയന്ത്രണം വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും പ്രവാസിയായ ഫാസ് മുഹമ്മദ് ‘ജനയുഗ’ത്തോട് പറഞ്ഞു.
നിയന്ത്രണംനീണ്ടുപോകുന്നതിനാൽ തിരിച്ച് നാട്ടിലേക്ക് എത്തുമ്പോൾ മാത്രമേ പണമോ സമ്പാദ്യമോ നാട്ടിലെത്തിക്കാനാകൂ. അല്ലെങ്കിൽ വലിയ നഷ്ടം സഹിച്ച് ഇടനിലക്കാരായ ഏജന്റുമാർ മുഖേന മാത്രമേ പണം എത്തിക്കാനാകൂ. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലടക്കം മാലിദ്വീപിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് വോട്ട് ചെയ്യാനായി നാട്ടിലേക്ക് മടങ്ങാറുള്ളത്. ഇവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ പണം സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ഇടപെടണമെന്നാണ് മാലിദ്വീപിലെ പ്രവാസികളുടെ ശക്തമായ ആവശ്യം. 

Exit mobile version