Site iconSite icon Janayugom Online

വഴിയരികിൽ ചാക്കിൽകെട്ടിയ നിലയില്‍ നോട്ടുകെട്ടുകളും, സെറ്റ് സാരിയും

പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിലെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ നോട്ടുകൾ നിറഞ്ഞ ചാക്കും പുത്തൻ സെറ്റ് സാരിയും കണ്ടെത്തി പരുവേലി തോടിന്റെ കലുങ്കിനു സമീപമാണ് പ്ലാസ്റ്റിക് ചാക്കിൽ നോട്ടുകൾ കണ്ടെത്തിയത്. 10, 20, 50, 100 നോട്ടുകളും നാണയതുട്ടുകളുമാണ് ചാക്കിലുണ്ടായിരുന്നത്. തൊട്ടടുത്തായി കവർ പൊട്ടിക്കാത്ത സെറ്റ്സാരിയും കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കോന്നിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നു വാങ്ങിയ സാരിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടരയോടെ ജോലിക്കുപോയ പ്രദേശവാസികളായ സ്ത്രീകളാണ് പണമടങ്ങിയ ചാക്ക് കണ്ടത്.

സാരി കണ്ടു നോക്കിയപ്പോൾ ചാക്കിലായി പണം കണ്ടെത്തുകയായിരുന്നു. അതേ സമയം ഈ വഴി രാവിലെ നടക്കാൻ പോയവരാരും പണം കണ്ടിരുന്നില്ല. മദ്യകുപ്പികളും മാലിന്യവും പതിവായി ഉപേക്ഷിക്കുന്ന സ്ഥലമാണ് ഇവിടെ. ഇതിനടുത്തായാണു സാരിയും പണവും കണ്ടെത്തിയത്. ഏതെങ്കിലും ആരാധനാലയങ്ങളില്‍നിന്നും മോഷ്ടിക്കപ്പെട്ടതാണൊയെന്ന് പൊലീസ് അവ്വേഷിച്ചുവരുന്നു.

പത്തനംതിട്ട പൊലീസ് ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം തേടിയിട്ടുണ്ട്. എസ്എച്ച്ഒ ജോബി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ട്. മോഷണ മുതലാണെന്ന സംശയത്തിലാണു പൊലീസ്. കോന്നി എൻഎസ് ടെക്സ്റ്റൈൽസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

Eng­lish Sum­ma­ry: mon­ey was found abandoned
You may also like this video

 

Exit mobile version