മകന്റെ ധൂർത്ത് വിവാദമായതിനെ തുടർന്ന് മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ‑എർഡെൻ രാജിവച്ചു. ചൊവ്വാഴ്ച പാർലമെൻ്റിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി. പ്രധാനമന്ത്രിയുടെ മകൻ തെമുലന്റെ ആഡംബര ജീവിതശൈലി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. “പകർച്ചവ്യാധികൾ, യുദ്ധങ്ങൾ, താരിഫുകൾ എന്നിവയുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളുടെ സമയങ്ങളിൽ എൻ്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നത് ഒരു ബഹുമതിയാണ്,” രാജിക്ക് ശേഷം ഒയുൻ‑എർഡെൻ പ്രതികരിച്ചു. പിൻഗാമിയെ നിയമിക്കുന്നതുവരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും.
പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ 64 വോട്ടുകൾ വേണ്ടിയിരുന്നിടത്ത് ഒയുൻ‑എർഡെനിന് 44 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം, തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും, വിമർശകർ അപവാദ പ്രചാരണം നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം, 23 വയസ്സുകാരനായ മകൻ തെമുലന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ്. ഹെലികോപ്റ്റർ യാത്രകൾ, ഡിസൈനർ ഹാൻഡ്‌ബാഗുകൾ, ആഡംബര കാറുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സമ്പന്നമായ ജീവിതശൈലി ഇയാൾ കാമുകിയുമായി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത് ജനരോഷം ആളിക്കത്തിച്ചു. പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് മംഗോളിയയിലെ 58,000‑ത്തിലധികം ആളുകൾ ഒരു നിവേദനത്തിൽ ഒപ്പുവെക്കുകയും, തലസ്ഥാനമായ ഉലാൻബാതറിൻ്റെ സെൻട്രൽ സുഖ്ബാതർ സ്ക്വയറിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, കുതിച്ചുയരുന്ന പണപ്പെരുപ്പം, മലിനീകരണം എന്നിവയും ജനങ്ങളുടെ രോഷം വർധിപ്പിക്കാൻ കാരണമായി. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, രാജ്യത്തെ അഴിമതി വിരുദ്ധ സമിതി ഒയുൻ‑എർഡെന്റെ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

