Site iconSite icon Janayugom Online

കുംഭമേളയിലെ പഞ്ചനക്ഷത്ര തീര്‍ത്ഥാടനത്തിനെതിരെ സന്ന്യാസിമാര്‍

മഹാകുംഭമേളയിലെ പഞ്ചനക്ഷത്ര തീര്‍ത്ഥാടനത്തിനെതിരെ ഒരു കൂട്ടം സന്ന്യാസിമാര്‍. ആത്മീയതയും തീര്‍ത്ഥാടകരുടെ വിശ്വാസവുമാണ് കുംഭമേള യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നിലവില്‍ ഇത് ഗ്ലാമറിന്റെയും പഞ്ചനക്ഷത്ര സംസ്കാരത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഉദാസീന്‍ അഖാര ബന്ധുവ കല കന്റോണ്‍മെന്റിന്റെ തലവനും ഓള്‍ ഇന്ത്യ ഉദാസീന്‍ കമ്മ്യൂണല്‍ സങ്കേതിന്റെ ചെയര്‍മാനുമായ മഹന്ദ് ധര്‍മേന്ദ്ര ദാസ് പറഞ്ഞു.
കുംഭമേളയുടെ തുടക്കം മുതല്‍ നിരവധി ഇന്‍ഫ്ലുവന്‍സര്‍മാര്‍, മോഡലുകള്‍, നടീനടന്മാര്‍ തുടങ്ങിയവര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. മോഡലായി മാറിയ സദ്വി ഹര്‍ഷ റിചാരിയ, മാല വില്പനക്കാരി മൊണാ ലിസ, ഐഐടി ബാബ, നടി മമതാ കുല്‍ക്കര്‍ണി തുടങ്ങി നിരവധിപ്പേരെ പേരെടുത്തു പറഞ്ഞായിരുന്നു പരാമര്‍ശം. സന്ന്യസിമാരെ സേവിക്കുന്നതിന് പകരം ഇത്തരത്തിലുള്ളവരെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്നും ദാസ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. 

രാത്രി തുറന്ന ആകാശം കാണാനും ഗംഗയില്‍ കുളിക്കാനുമാണ് നിരവധി തീര്‍ത്ഥാടകരെത്തുന്നത്. അവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് അവര്‍ ശ്രദ്ധിക്കുന്നു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മഹാംകുംഭമേളയില്‍ വീണ്ടും തീപിടിത്തമുണ്ടായി. സെക്ടർ 19 ലെ ‘കൽപവാസി’ കൂടാരത്തിൽ ഗ്യാസ് സിലിണ്ടറിലെ ചോർച്ചയെ തുടർന്നാണ് തീപിടുത്തമുണ്ടായത്. പത്ത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കൂടാരം പൂർണമായും കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഓം പ്രകാശ് പാണ്ഡെ സേവാ സൻസ്ഥാൻ സ്ഥാപിച്ച കൂടാരത്തിലാണ് തീപിടിത്തമുണ്ടായതെന്ന് ചീഫ് ഫയർ ഓഫിസർ (കുംഭ്) പ്രമോദ് ശർമ്മ പറഞ്ഞു. പ്രയാഗ്‌രാജിലെ കർമ്മ നിവാസിയായ രാജേന്ദ്ര ജയ്‌സ്വാളിന്റേതാണ് ഈ കൂടാരം. ഇതുവരെ മഹാകുംഭമേളയില്‍ മൂന്ന് വലിയ തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുക. 

Exit mobile version