Site icon Janayugom Online

കുരങ്ങു പനി : പ്രതിരോധ പ്രവർത്തനം ശക്തമാക്കി

കുരങ്ങു പനി തടയുന്നതിനായി വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ തുടങ്ങി.  നവംബർ മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവാണ് പൊതുവെ കുരങ്ങ് പനി പിടിപെടാൻ സാധ്യത കൂടുതലുള്ളത്.  ഇക്കാലയളവിൽ വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരും വനത്തിൽ പോകുന്നവരും അതീവ ജാഗ്രത പുലർത്തണം.  കുരങ്ങുകൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടനടി ആരോഗ്യവകുപ്പ് , ഫോറസ്ററ് , മൃഗസംരക്ഷണ വകുപ്പ് എന്നിവരെ അറിയിക്കേണ്ടതാണ്. അവയുടെ അടുത്ത് ഒരു കാരണവശാലും പോകരുത്. വനത്തിൽ വിറകിനോ മറ്റു ആവശ്യങ്ങൾക്കോ പോകുന്നവർ ശരീരം പൂർണമായും മൂടുന്ന വസ്ത്രം ധരിക്കണം, ചെള്ള് കടിക്കാതിരിക്കാൻ ലേപനം പുരട്ടണം. ഫോറസ്റ്റിൽ തീറ്റക്കായി വിടുന്ന മൃഗങ്ങൾക്ക് ചെള്ള് കടിക്കാതിരിക്കാൻ ലേപനം പുരട്ടുകയും ചെയ്യേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. വനമേഖലയുമായും കുരങ്ങുമായും സമ്പർക്കമുള്ളവർ നിർബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണ്. രോഗ ലക്ഷണം ഉണ്ടെങ്കിൽ സ്വയം ചികിത്സ പാടില്ലെന്നും അധികൃതർ അറിയിച്ചു.

Exit mobile version