കർണാടകയിൽ കുരുങ്ങുപനി ബാധിച്ച് രണ്ട് മരണം. ആരോഗ്യവകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മുൻകരുതൽ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. ജനുവരി എട്ടിന് ശിവമോഗയിലെ ഹൊസനഗർ താലൂക്കിലാണ് ആദ്യ കുരങ്ങുപനി മരണം റിപ്പോർട്ടുചെയ്തത്. 18കാരിയാണ് മരിച്ചത്. കഴിഞ്ഞദിവസം ചിക്കമംഗളൂരു ശൃംഗേരി സ്വദേശിയായ 79 കാരൻ കൂടി മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലായത്. സംസ്ഥാനത്ത് ഇതുവരെ 49 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കേസുകള്‍ ഉത്തര കന്നഡ ജില്ലയിലാണ്. 1957ല്‍ കർണാടകയിലെ ഷിമോഗയില്‍ ക്യാസനൂര്‍ വനപ്രദേശത്താണ് കുരങ്ങുപനി ആദ്യമായി സ്ഥിരീകരിച്ചത്. വൈറസ് മൂലമുണ്ടാകുന്ന ഒരു ജന്തുജന്യ രോഗമാണ് കുരങ്ങുപനി. വനത്തില്‍ ജീവിക്കുന്ന കുരങ്ങുകള്‍, അണ്ണാന്, ചെറിയ സസ്തനികള്‍, പക്ഷികള്‍ തുടങ്ങിയവയിലാണ് രോഗം കാണപ്പെടുന്നത്. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകള്‍ മനുഷ്യരെ കടിക്കുന്നതിലൂടെയോ രോഗബാധയുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴോ ആണ് കുരങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്. പനിയടക്കമുള്ള ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനകള്‍ നടത്തണമെന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
English Summary:Monkey fever: Two dead, alert in Karnataka
You may also like this video