Site iconSite icon Janayugom Online

കുരങ്ങു പനി; യൂറോപ്പ്യൻ രാജ്യങ്ങളില്‍ ജാഗ്രത ശക്തമാക്കി

കുരുങ്ങുപനി പടരുന്ന സാഹചര്യത്തിൽ യൂറോപ്പ്യൻ രാജ്യങ്ങളില്‍ ജാഗ്രത ശക്തമാക്കി. ലോകമെമ്പാടും 126 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവർക്ക് 21 ദിവസം സമ്പർക്കവിലക്ക് വേണമെന്ന് ബ്രിട്ടൻ നിർദേശിച്ചിട്ടുണ്ട്.

സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ 27 പേർക്കും ബ്രിട്ടനിൽ 56 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പോർച്ചുഗലിൽ 14 പേരും അമേരിക്കയിൽ 3 പേരും രോഗബാധിതരായി. സ്കോട്ട്ലൻഡിലും ഡെൻമാർക്കിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ കുരുങ്ങുപനിക്കും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. ജനങ്ങൾക്കു മുഴുവൻ വാക്സീൻ നൽകുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്കത്തിലുള്ളവർക്കും വാക്സീൻ നൽകുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജൻസി ഉപദേഷ്ടാവ് ഡോ. സൂസൻ ഹോപ്കിൻസ് പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ കുരങ്ങു പനി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ മഹാരാഷ്ട്രയിലും കർണാടകയിലും ജാഗ്രത ശക്തമാക്കി. ബംഗളൂരു വിമാനത്താവളത്തിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കും. 21 ദിവസത്തിനിടെ വിദേശത്തു നിന്നെത്തിയവരിൽ രോഗലക്ഷണങ്ങൾ കണ്ടാൽ കർശനമായി നിരീക്ഷിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകി.

പനി, തലവേദന, ദേഹത്ത് ചിക്കൻപോക്സിനു സമാനമായ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. പരോക്ഷമായി രോഗികളുമായി സമ്പർക്കമുണ്ടായവർ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം.

Eng­lish summary;Monkey fever; Vig­i­lance inten­si­fied in Euro­pean countries

You may also like this video;

Exit mobile version