Site iconSite icon Janayugom Online

കുരങ്ങുപനി സ്ഥിരീകരിച്ച കേസുകള്‍ മഞ്ഞുമലയുടെ അഗ്രം: ഡബ്ല്യുഎച്ച്ഒ

കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). 219 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധകള്‍ മഞ്ഞുമലയുടെ അഗ്രമായിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ആശങ്ക. രോഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങളില്‍ ഇപ്പോള്‍ സ്ഥിരീകരിച്ചത് അസാധരണമായ സാഹചര്യമാണെന്നും വെെറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം ന‍ടക്കുകയാണെന്നും സംഘടന അറിയിച്ചു. 

രോഗം മഹാമാരിയായി പരിണമിക്കുന്ന സാഹചര്യം തടയാന്‍ നിലവില്‍ സാധ്യതകളുണ്ടെന്നും ഉചിതമായ നടപടികള്‍ കെെക്കൊള്ളുന്ന പക്ഷം വ്യാപനത്തോത് നിയന്ത്രണവിധേമാക്കാന്‍ കഴിയുമെന്നും സംഘടനയുടെ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പ് മേധാവി സിൽവി ബ്രിയാൻഡ് പറഞ്ഞു. കോവിഡിനു സമാനമായ രീതിയില്‍ കുരങ്ങുപനി വ്യാപിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 219 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 191 കേസുകളോടെ, യൂറോപ്പിലാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനില്‍ മാത്രം 118 കേസുകളും സ്ഥിരീകരിച്ചു. യുകെ (71), സ്‍പെയിന്‍ (51), പോര്‍ച്ചുഗല്‍ (37)എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. സാധാരണ ജനങ്ങളിൽ കുരങ്ങുപനി പകരാനുള്ള സാധ്യത വളരെ കുറവാണെന്നും ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരിൽ വ്യാപന സാധ്യത കൂടുതലാണെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വ്യക്തമാക്കി. 

Eng­lish Summary:Monkey pox con­firmed cas­es Avalanche tip: WHO
You may also like this video

Exit mobile version