Site icon Janayugom Online

വാനര വസൂരി മരണം; വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കുമെന്ന് ആരോഗ്യമന്ത്രി

തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിന്റെ മരണകാരണം വാനര വസൂരി തന്നെയെന്ന് സ്ഥിരീകരണം വന്ന പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

വാനര വസൂരിയുടെ സ്ഥിരം ലക്ഷണങ്ങൾ മരിച്ച യുവാവിന് ഉണ്ടായിരുന്നില്ലെന്നും എൻഐവിയുടെ സഹായത്തോടെ ഏത് വകഭേദമാണെന്ന് പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

യുവാവിനെ ബാധിച്ചത് പുതിയ വകഭേദമാണോയെന്നുൾപ്പെടെ പ്രത്യേകസംഘം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച യുവാവിന്റെ വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കും. വിദേശത്ത് നിന്നെത്തുന്നവരിൽ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടണം. രോഗലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ സമീപിക്കണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

രാജ്യത്തെ ആദ്യ വാനര വസൂരി മരണമാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലമാണ് യുവാവിന് വാനര വസൂരിയെന്ന് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നു വന്ന യുവാവിന് വിദേശത്തു നിന്ന് തന്നെ വാനര വസൂരി സ്ഥിരീകരിച്ചിരുന്നു.

സമ്പർക്കപ്പട്ടികയിലുള്ള 15 പേർക്കും ലക്ഷണങ്ങളില്ല. കരിപ്പൂരിൽ നിന്നും യുവാവിനെ കൂട്ടിക്കൊണ്ട് വന്ന നാല് പേർ നിരീക്ഷണത്തിലാണ്. തൃശൂരിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർശന ജാഗ്രത തുടരുകയാണ്.

Eng­lish summary;monkey pox death; The health min­is­ter said that a detailed con­tact list will be prepared

You may also like this video;

Exit mobile version