Site iconSite icon Janayugom Online

വാനര വസൂരി: മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

monkeypoxmonkeypox

സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഇത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ മാര്‍ഗനിര്‍ദ്ദേശം പിന്തുടരണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.
21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ വാനര വസൂരിയാണെന്ന് സംശയിക്കണം.
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് വാനര വസൂരി സ്ഥിരീകരിക്കുന്നത്.
വാനര വസൂരി ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സര്‍വൈലന്‍സ് ഓഫീസറെ (ഡിഎസ്ഒ) ഉടന്‍ അറിയിക്കണം. ഇതോടൊപ്പം എന്‍ഐവി പ്രോട്ടോക്കോള്‍ അനുസരിച്ച് സാമ്പിളുകള്‍ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബില്‍ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും.
ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം. ഐസൊലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യാവൂ.
രോഗിയെ ആംബുലന്‍സില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഡിഎസ്ഒയുടെ നിര്‍ദേശപ്രകാരം മാത്രമേ ഒരാളെ കൊണ്ടുപോകാവൂ. ഇതോടൊപ്പം ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മ്മാര്‍ജനം ചെയ്യണം.

Eng­lish Sum­ma­ry: Mon­key Pox: Guide­lines Released
You may like this video also

Exit mobile version