Site iconSite icon Janayugom Online

വാനര വസൂരി: ചിക്കൻപോക്‌സ്‌ ലക്ഷണമുള്ളവരിലും പരിശോധന

വാനര വസൂരി പ്രതിരോധത്തിന്റെ ഭാഗമായി ചിക്കൻപോക്‌‌സ്‌ ലക്ഷണമുള്ളവരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ്‌. വാനര വസൂരി (മങ്കി പോക്‌സ്) ലക്ഷണമുള്ളവരിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവരുടെ സാമ്പിളും പരിശോധനയ്ക്ക്‌ അയക്കും. സംസ്ഥാനത്ത്‌ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണം കണ്ടെത്തിയാൽ സമ്പർക്കവിലക്കിലാക്കും. കനിവ് 108 ആംബുലൻസും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. 1200 ആരോഗ്യപ്രവർത്തകർക്ക്‌ പ്രതിരോധത്തിനുള്ള വിദഗ്ധ പരിശീലനം നൽകി.

ത്വക്‌രോഗവിദഗ്ധർ, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവർക്കും വിദഗ്ധ പരിശീലനം നൽകും. എയർപോർട്ട് ജീവനക്കാർക്കും പരിശീലനം നൽകുന്നുണ്ട്‌.വാനര വസൂരി സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെ മറ്റാരിലും രോഗലക്ഷണമില്ല. സമ്പർക്കപട്ടികയിലുള്ള എല്ലാവരെയും നിരന്തരം നിരീക്ഷിക്കുന്നു. ദിവസവും രണ്ടുനേരം ഫോണിൽ വിളിച്ച് ശാരീരിക, മാനസിക അവസ്ഥ വിലയിരുത്തുന്നുണ്ട്‌.കേന്ദ്ര സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

കേന്ദ്ര ആരോഗ്യവകുപ്പ് അഡ്വൈസർ ഡോ. പി രവീന്ദ്രൻ, എൻസിഡിസി ജോയിന്റ്‌ ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി, ന്യൂഡൽഹി ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി പ്രൊഫസർ ഡോ. അനുരാധ, ത്വക്‌രോഗവിദഗ്ധൻ ഡോ. അഖിലേഷ് തൊലെ, പൊതുജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിൻ എന്നിവരുടെ സംഘമാണ് ശനിയാഴ്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ച് രോഗിയുടെ അവസ്ഥ വിലയിരുത്തി. സാഹചര്യം വിലയിരുത്തുകയാണെന്നും പിന്നീട്‌ കൂടുതൽ പ്രതികരിക്കാമെന്നും സംഘം വ്യക്തമാക്കി.

രോഗിയുടെ സ്വദേശമായ കൊല്ലവും അവർ സന്ദർശിച്ചു. തിരുവനന്തപുരത്ത്‌ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുജനാരോഗ്യവിഭാഗം അഡീഷണൽ ഡയറക്ടർ, പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ എന്നിവരുമായും കേന്ദ്രസംഘം ചർച്ച നടത്തി. രണ്ടു ദിവസം കഴിഞ്ഞേ സംഘം മടങ്ങൂ.

Eng­lish sum­ma­ry: Mon­key­pox: Screen­ing in peo­ple with chick­en­pox symptoms

You may also like this video:

YouTube video player
Exit mobile version