രാജ്യത്ത് കൂടുതല്‍ പേരില്‍ വാനര വസൂരി ലക്ഷണങ്ങള്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ എട്ട് വയസുകാരനില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി.
കുട്ടിയുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ കുട്ടിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അതിനിടെ ബംഗളുരില്‍ വാനര വസൂരി രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആള്‍ക്ക് ചിക്കന്‍ പോക്സ് ആണെന്ന് സ്ഥിരീകരിച്ചു.
എത്യോപ്യയില്‍ നിന്നും ബംഗളുരുവിലെത്തിയ മധ്യവയസ്കനില്‍ വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് വാനര വസൂരി അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം രണ്ട് രോഗങ്ങളുടെയും ലക്ഷണങ്ങള്‍ സമാനമായത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിലരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഇതുവരെ നാല് വാനര വസൂരി കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് കേസുകള്‍ കേരളത്തിലും ഒരെണ്ണം ഡല്‍ഹിയിലുമാണ്.
English Summary: Monkeypox; Symptoms more common in India
You may like this video also