Site icon Janayugom Online

രണ്ടേ രണ്ട് ദിവസത്തിനുള്ളില്‍ വെളിയിലിറങ്ങും, പിന്നീട് കാണിച്ചുതരാം: പൊലീസുകാര്‍ക്ക് മുന്നില്‍വച്ച് വെല്ലുവിളിച്ച് മോന്‍സന്‍

monson

പുരാവ്സതുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍. രണ്ട് ദിവസത്തിനുള്ളില്‍ വെളിയിലിറങ്ങും, എന്നിട്ട് കാണിച്ചുതരാമെന്ന് പറഞ്ഞ് മോന്‍സന്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറഞ്ഞു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കെ പൊലീസുകാര്‍ക്ക് മുന്നില്‍വച്ചാണ് മോന്‍സന്‍ വെല്ലുവിളിച്ചതെന്നും യാക്കൂബ് വെളിപ്പെടുത്തി.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പൊലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും യാക്കൂബ് ആരോപിക്കുന്നു.

തട്ടിപ്പുകേസില്‍ താന്‍ അറസ്റ്റിലായത് മോന്‍സനെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ലെന്നും വിദേശരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കിടക്കുന്ന വലിയ മാഫിയയുടെ ഭാഗമാണ് മോന്‍സനെന്നും ബോളിവുഡ് സിനിമ സ്റ്റൈലിലാണ് മോന്‍സന്റെ പ്രവര്‍ത്തനമെന്നും യാക്കൂബ് കൂട്ടിച്ചേര്‍ത്തു.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.
തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.

ചേര്‍ത്തല സ്വദേശിയായ വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്‍സണ്‍ (52) എന്ന വ്യാജ ഡോക്ടറെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. തങ്ങളില്‍നിന്ന് 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ.എ. സലീം, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.അഹമ്മദ് എന്നിവരാണു പരാതിക്കാര്‍.

 

Eng­lish Sum­ma­ry: Mon­son chal­lenges peti­tion­ers in front of police

You may like this video also

Exit mobile version