Site iconSite icon Janayugom Online

മോൻസൻ മാവുങ്കൽ കേസ്: പൊലീസ് പീഡനത്തിനെതിരായ ഹ‍ർജി തീ‍ർപ്പാക്കാനുള്ള അപേക്ഷ ഹൈക്കോടതി തളളി

മോൻസൻ മാവുങ്കലിന്റെ ഡ്രൈവര്‍ അജി പൊലീസ് പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി രൂക്ഷ വിമർശനത്തോടെ തളളി. സർക്കാരിന്‍റെ ഉപഹ‍ർജി നിയമപരമല്ലെന്നും നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, സർക്കാരിനും പൊലീസിനും എതിരെ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്. ഇത്തരമൊരു ആവശ്യവുമായി വന്നതിന് എഡിജിപി ശ്രീജിത്തിന് പിഴയോടെ ഹ‍‍ർജി തളളുകയാണ് വേണ്ടതെന്നും എന്നാൽ തുനിയുന്നില്ലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കണ്ണിൽ കണ്ടതിനേക്കാ‌ൾ കൂടുതൽ കാര്യങ്ങൾ ഈ കേസിൽ ഉണ്ടോയെന്ന് സംശയിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

മോൻസന്റെ ഡ്രൈവര്‍ അജി, പൊലീസ് പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന് കോടതിയോട് ആ‍ജ്ഞാപിക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു കേസ് തീർപ്പാക്കണമെന്ന് ആജ്ഞാപിക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. അതിന് ഉദ്യോഗസ്ഥനെ അനുവദിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാർ അപേക്ഷ പരിഗണിക്കവേ നാടകീയ രംഗങ്ങളാണ് കോടതിയിലുണ്ടായത്.പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു. എന്നാൽ ഹർജി തീർപ്പാക്കാൻ ആവശ്യപ്പെടുന്നതിന് നിയമപരമായി തടസമില്ലെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. തുടർന്ന് അജിയുടെ ഹർജിയിലെ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാർ മുന്നോട്ട് പോകുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്നാൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കോടതി സമ്മതിക്കുന്നില്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഡിജിപിയുടെ മറുപടി. ഒരു കാര്യം അവതരിപ്പിക്കുമ്പോൾ കോടതി മറ്റൊരു ചോദ്യം ചോദിക്കുന്നു. ഇത് ബുദ്ധിമുട്ടിക്കുന്നു. ഒരു കാര്യം പറയുമ്പോൾ അത് പൂർ‍ത്തിയാക്കാൻ അനുവദിക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

ഇതോടെ കേസ് പരിഗണിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നത് കോടതിക്ക് എതിരെ ആണെന്ന് ഓർക്കണമെന്നും കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
eng­lish summary;Monson Maungkal case updates
you may also like this video;

Exit mobile version