Site icon Janayugom Online

‘നീയെന്നെ തോല്പിച്ചുകളഞ്ഞല്ലോ മോനേ മോന്‍സാ’

ഇതു പ്രണയത്തിന്റെ കുരുതിക്കാലം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്ര കമിതാക്കളാണ് പ്രണയത്തിന്റെ അള്‍ത്താരയില്‍ മരിച്ചുവീണത്. മാനസ, നിതിന, കവിത അങ്ങനെയങ്ങനെ പ്രണയ രക്തസാക്ഷികളുടെ ആ പട്ടിക എക്സ്പ്രസ് ഹെെവേ പോലെ നീളുന്നു. ഇതെല്ലാം കണ്ട് നമ്മളില്‍ ഒരുകൂട്ടര്‍ പറയുന്നു; ഇനി പ്രണയമേ വേണ്ടെന്ന്. മറ്റൊരു കൂട്ടര്‍ പറയുന്നത് പതിനാറായിരത്തെട്ട് പെണ്‍മണികളെ പ്രണയിച്ചിട്ട് ദ്വാപരയുഗനാഥനായ ശ്രീകൃഷ്ണന്‍ പ്രേമപ്പകയില്‍ ഒരെണ്ണത്തിനെയങ്കിലും തട്ടിയിട്ടുണ്ടോ എന്ന്. വിലക്കപ്പെട്ട കനി ഭക്ഷിച്ചിട്ടും ഹവ്വയെ ആദാം കൊന്ന ചരിത്രമുണ്ടോ എന്നു ചോദിക്കുന്നവരുമുണ്ട്. പറയിപെറ്റ പരാശരമുനി മുക്കുവപ്പെണ്ണായ സത്യവതിയെ വെളിമ്പറമ്പില്‍ വച്ചു പിഴപ്പിച്ചുണ്ടാക്കിയ വേദവ്യാസന്‍ വിശ്വമഹാഭാരതവും പതിനെട്ട് പുരാണങ്ങളും രചിച്ചു. ദ്വീപില്‍ ജനിച്ച കറുത്ത വര്‍ണ്ണമുള്ള കൃഷ്ണദ്വെെപായനന്‍ എന്ന കുഞ്ഞുവ്യാസനെ കണ്ട് സത്യവതിയുടെ കഴുത്തുഞെരിച്ചോ പരാശരമഹര്‍ഷി എന്ന് ചോദിക്കുന്ന പ്രണയാനുകൂലികള്‍ മറ്റൊരുതരം. പക്ഷേ സാംസ്കാരിക കേരളത്തില്‍ പ്രണയക്കൊലകളും പ്രണയവിവാഹക്കൊലകളും കൊടികുത്തി വാഴുന്നു. നമ്മുടെ ഗവര്‍ണറാകട്ടെ ഇത്തരം കൊലകളും ആത്മഹത്യകളും നടക്കുന്ന വീടുകള്‍ സന്ദര്‍ശിച്ച് പ്രണയത്തിനും സ്ത്രീധനത്തിനുമെതിരെ ജനത്തെ ബോധവല്‍ക്കരിക്കുന്ന തിരക്കില്‍.

 

ഞങ്ങളുടെ നാട്ടില്‍ ശിവന്‍ എന്നൊരു അങ്കിള്‍ ഉണ്ടായിരുന്നു. കേഴ്വി അല്പം പതുക്കെയായതിനാല്‍ നാട്ടുകാരും കൂട്ടുകാരും പൊട്ടന്‍ ശിവനെന്ന ഓമനപ്പേരിട്ടു വിളിക്കും. ഒരിക്കല്‍ അദ്ദേഹം അമ്മയെ ചികിത്സിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. മരുന്നും ഗുളികയുമൊക്കെ വാങ്ങി പുറത്തിറങ്ങി. അമ്മയേയും കൂട്ടി പൊട്ടന്‍ ശിവന്‍ എതിര്‍വശത്തെ കോഫി ഹൗസില്‍ കയറി. അവിടെയാകട്ടെ തൊപ്പിയും തലപ്പാവും അരപ്പട്ടയും ക്രോസ്ബല്‍റ്റുമായി രാജസേവകരെപ്പോലെ വിളമ്പന്മാര്‍. ഇതുകണ്ടപാടേ നാട്ടിന്‍പുറത്തുകാരിയും ശുദ്ധ പാവവുമായ അമ്മ പുറത്തേക്കിറങ്ങി ഒരൊറ്റ ഓട്ടം. എന്നിട്ട് മകനിട്ട് കടുത്ത ശകാരം. നീ, സിപിഐക്കാരനോ രാജതമ്പുരാന്‍ നിഷേധിയോ ഒക്കെ ആയിക്കോ. പക്ഷേ, പൊന്നുതമ്പുരാന്റെ കൊട്ടാരത്തി കയറി വിളയാടാന്‍ എന്നെ കിട്ടില്ല.’ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അനുഭവകഥ കേട്ടപ്പോഴാണ് ഈ കഥ ഓര്‍ത്തുപോയത്. സുധാകരന്‍ സൗന്ദര്യസംവര്‍ധക ചികിത്സയ്ക്കെന്നും പറഞ്ഞ് ചെന്നുകയറിയത് ഭൂലോക പുരാവസ്തു തരികിട ഡോ. മോന്‍സന്‍‍ മാവുങ്കലിന്റെ വാടകകൊട്ടാരത്തിലേക്ക്. വരട്ടുചൊറി, പുഴുക്കടി ഇത്യാദി രോഗങ്ങള്‍ക്കു ചികിത്സതേടി പരിവാരങ്ങള്‍ സഹിതമായെത്തിയ സുധാകരനെ പത്താംക്ലാസുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ തുണിയഴിച്ചു കിടത്തി പരിശോധിച്ചിട്ടും കോഫി ഹൗസിനെ കൊട്ടാരമെന്നു ധരിച്ച വല്യമ്മയെപ്പോലെ മോന്‍സന്റെ നക്ഷത്ര ആശുപത്രി ഒരു പഞ്ചനക്ഷത്ര ആശുപത്രിയെന്നാണ് സുധാകരന്‍ ധരിച്ചുവശായത്. വ്യാജ ഡോക്ടര്‍ മോന്‍സന്റെ ചികിത്സയില്‍ വരട്ടുചൊറിയും കൃമികടിയും വഷളായേ ഉള്ളൂവെന്ന് ഇന്ദിരാഭവന്‍ വൃത്തങ്ങള്‍ പറയുന്നു. ചുറ്റും നില്‍ക്കുന്നവരെയൊക്കെ സുധാകരന്‍ തെറിപറയുന്നത് ഈ വിവിധയിനം ചൊറിച്ചിലുകള്‍ മൂക്കുമ്പോഴാണെന്ന് അനുയായികള്‍.

 

ഒരിടത്തൊരിടത്ത് ഒരപ്പൂപ്പനുണ്ടായിരുന്നു. ആണും പെണ്ണുമായി മക്കള്‍ പതിനഞ്ച്. വയസായി വന്നതോടെ മൂപ്പിലാന് ഒരു സംശയം. കിടപ്പിലായിപ്പോയാല്‍ മക്കള്‍ തന്നെ വേണ്ടാംവണ്ണം സംരക്ഷിക്കില്ലേ എന്ന്. മുത്തശ്ശന്‍ ഇടയ്ക്കിടെ തന്റെ കാല്‍പ്പെട്ടി തുറക്കും. പെട്ടിക്കുള്ളില്‍ നിന്നു കിലുകിലാരവം. എന്താണ് പെട്ടിയിലെന്നറിയാന്‍ ഭാര്യ മൂപ്പിലാത്തിയെത്തിയാല്‍ വിരട്ടിയോടിക്കും. പിന്നെയും പെട്ടിയിലെ വസ്തുക്കള്‍ കിലുക്കിക്കളിക്കും. അച്ഛന്‍ കാല്‍പ്പെട്ടിയില്‍ സൂക്ഷിക്കുന്ന നിധികുംഭത്തെക്കുറിച്ച് അമ്മ മക്കളോടെല്ലാം പറഞ്ഞു. പിന്നെയങ്ങോട്ട് പിതാശ്രീയെ സംരക്ഷിക്കാന്‍ മക്കളുടെ മത്സരമായി. പതിനഞ്ച് മക്കളും പതിനഞ്ചുതരം വിഭവങ്ങളുമായി പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനുമായി തന്തപ്പടിയെ വശംകെടുത്തി. അമിതഭക്ഷണം കഴിച്ച് അജീര്‍ണം ബാധിച്ച് മൂപ്പിലാന്‍ ഒരു ദിവസം വടിയായി. മക്കള്‍ ചേര്‍ന്ന് മൃതദേഹവുമായി നാടുകാണിക്കല്‍. പതിനാറടിയന്തിരത്തിന് നാട്ടുകാര്‍ക്ക് കെങ്കേമന്‍ സദ്യ. അന്ന് സര്‍ക്കാര്‍ വക ആചാരവെടികളില്ലാത്തതിനാല്‍ കതിനാവെടിയും കമ്പക്കെട്ടുമായി ശവസംസ്കാരം. പതിനാറടിയന്തിരം കഴിഞ്ഞ് മക്കളെല്ലാം ഒത്തുകൂടി. മൂപ്പിലാന്റെ രഹസ്യപ്പെട്ടി തുറക്കലായി അടുത്ത കലാപരിപാടി. അതിലുള്ളതെല്ലാം തുല്യമായി പങ്കുവയ്ക്കണമെന്ന ധാരണ ഒപ്പിട്ടശേഷം കാല്‍പ്പെട്ടി തുറന്നു. പെട്ടിയില്‍ ആകെയുണ്ടായിരുന്നത് പട്ടിയെ കെട്ടുന്ന ഒരു ചങ്ങല മാത്രം. ഇതു കിലുക്കിയാണ് മുത്തശ്ശ ശിരോമിണി മക്കളെ മരണം വരെ കബളിപ്പിച്ചത്. നമ്മുടെ പ്രിയതാരം ഡോ. മോന്‍സന്‍‍ മാവുങ്കലും തനിക്കു ചുറ്റും കൂടിയവരെ പറ്റിക്കാന്‍ മൂപ്പിലിന്റെ തന്ത്രമാണെടുത്തത്. ബാങ്കില്‍ 2.6 ലക്ഷം കോടിയുടെ സമ്പാദ്യം. കോടാനുകോടി വിലമതിക്കുന്ന പുരാവസ്തുക്കള്‍. ഇതെല്ലാം കേട്ട് പൊലീസ് മേധാവി ബെഹ്റ തന്നെ മോന്‍സന്റെ തട്ടിപ്പു കൊട്ടാരത്തിന് കാവല്‍ ഏര്‍പ്പെടുത്തുന്നു. ടിപ്പുസുല്‍ത്താന്റെ കള്ളക്കസേരയിലിരുന്ന് വ്യാജസുല്‍ത്താന്‍ ചമയുന്നു. ആകെ ജഗപൊഗ. മോന്‍സണ്‍ അകത്തായപ്പോള്‍ അയാളുടെ ആകെ സമ്പാദ്യം 176 രൂപ. കഥയിലെ മുത്തശന്‍‍ ചിതയില്‍ നിന്ന് എണീറ്റുവന്നു ചോദിക്കുന്നു; ‘നീയെന്നെ തോല്പിച്ചുകളഞ്ഞല്ലോടാ മോനേ മോന്‍‍സാ!’

 

വളര്‍ത്തുദോഷം എന്നത് നമ്മുടെ കൊച്ചു കേരളത്തിന്റെ മാത്രം പ്രശ്നമല്ല. അതൊരു സാര്‍വലൗകിക പ്രശ്നമാണ്. തമിഴ്‌നാട്ടില്‍ വെല്ലൂര്‍ അണ്ണാനഗര്‍ കന്നികോവില്‍ തെരുവില്‍ രൂകേഷ് എന്ന അഞ്ച് വയസുകാരന്‍ ജ്യൂസെന്നു കരുതി മുത്തശന്‍ കുടിച്ചശേഷം ബാക്കിവച്ചിരുന്ന മദ്യം കഴിച്ച് ദാരുണാന്ത്യമുണ്ടായി എന്ന വാര്‍ത്ത വരുന്നു. ഒപ്പം വരുന്ന മറ്റൊരു വാര്‍ത്ത ബോളിവുഡിലെ അഭിനയചക്രവര്‍ത്തി കിങ്ഖാന്‍ എന്ന ഷാരൂഖ്ഖാന്റെ പുത്രന്‍ ആര്യന്‍ ഖാന്‍ മുംബെെയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്നു പാര്‍ട്ടിയില്‍ കുടുങ്ങി അകത്തായെന്ന മറ്റൊരു വാര്‍ത്തയും. വെല്ലൂരിലെ കുഞ്ഞ് മദ്യം കഴിച്ചുമരിച്ചത് വീട്ടുകാരുടെ അബദ്ധംമൂലം. പക്ഷെ ആര്യന്‍ഖാന്‍ അറസ്റ്റിലായ വാര്‍ത്ത കേട്ട് വിദേശത്ത് ഷൂട്ടിംഗിലായിരുന്ന പിതാവ് ഷാരൂഖ്ഖാന്റെ പ്രതികരണമായിരുന്നു ബഹുവിശേഷം. ‘ഞാനവനെ ഉപദേശിച്ചതാണ്. നീ പുകവലിച്ചോ, പെണ്ണുപിടിച്ചോ, ആരുമായും ലെെംഗികബന്ധത്തിലേര്‍പ്പെട്ടോ, ഇഷ്ടംപോലെ മരുന്നടിച്ചോ എന്ന്.’ ഇതൊന്നും ചെയ്യാതിരിക്കാനാണ് ഉപദേശമെങ്കിലും ആര്യന്‍ഖാന്‍ പിതൃവചനങ്ങള്‍ അക്ഷരംപ്രതി പാലിച്ചു. ഇരുപത്തിമൂന്നാം വയസില്‍ മരുന്നടിച്ചതിന് ജയിലിലുമായി. 23 എന്ന പ്രായം നല്ലൊരു ജീവിതകാലഘട്ടമാണ്. ഇരുപത്തിമൂന്നാം വയസില്‍ കപില്‍ദേവ് ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് നേടി. ഈ പ്രായത്തില്‍ സച്ചിന്‍ ലോകകപ്പിലെ ടോപ് സ്കോററായി.

നീരജ് ചോപ്ര ഒളിമ്പിക്സില്‍ സ്വര്‍ണം കൊയ്തു, ഭഗത്‌സിങ് രാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്തു. ആര്യന്‍ഖാന്റെ ഊണകത്തുമായി. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് ലോകസിനിമയിലെ ആയോധന ഇതിഹാസമായ ജാക്കിചാന്റെ കഥ. അദ്ദേഹം മകനോട് ആവര്‍ത്തിച്ച് ഉപദേശിക്കുമായിരുന്നു. ഒരിക്കലും മയക്കുമരുന്നു തൊടരുത്, ദുഃശീലങ്ങള്‍ക്ക് അടിമപ്പെടരുത് എന്നൊക്കെ. പക്ഷേ ജാക്കിചാന്റെ മകന്‍ മയക്കുമരുന്നിന് അടിമയായി അറസ്റ്റിലായപ്പോള്‍ ഒരു വക്കീലിനെപ്പോലും പിതാവ് ഏര്‍പ്പെടുത്തിയില്ല. തന്റെ കോടാനുകോടികളുടെ സമ്പാദ്യത്തില്‍ കാല്‍ പെെസ പോലും മകന് നല്കാതെ മുഴുവനും ജീവകാരുണ്യപ്രവര്‍ത്തനത്തിനു നീക്കിവച്ചു. ജാക്കിചാനും ഷാരൂഖ് ഖാനും രണ്ട് നേര്‍ വിപരീത വിഭിന്ന ബിംബങ്ങളായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.

 

You may like this video also

Exit mobile version