Site icon Janayugom Online

മോന്‍സണ്‍ വിവാദം: സുധാകരനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒത്തുതീര്‍പ്പിനെത്തിയെന്ന് പരാതിക്കാര്‍

മോന്‍സണ്‍ വിവാദത്തില്‍കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് വേണ്ടി ഒത്തുതീര്‍പ്പിന് സഹായി എത്തിയെന്ന് പരാതിക്കാര്‍. യൂത്ത് കോണ്‍ഗ്രസ് നേതാവായ എബിന്‍ ആണ് പരാതിക്കാരെ സന്ദര്‍ശിച്ചത്. പരാതിക്കാരുമായി കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് ദിവസം മുന്‍പാണ് കെ സുധാകരനെ മോന്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയ എബിന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെത്തി പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. നിരവധി തവണ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നേരിട്ട് കാണണെന്ന് എബിന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഹോട്ടലില്‍ വെച്ച് കണ്ടത്. 

കെ സുധാകരനെ അനാവശ്യമായി കേസില്‍ വലിച്ചിഴയ്ക്കരുതെന്ന് എബിന്‍ ആവശ്യപ്പെട്ടെന്നും പരാതിക്കാരനായ ഷമീര്‍ വ്യക്തമാക്കി. അതേസമയം പരാതിക്കാരെ കണ്ടത് ഒത്തുതീര്‍പ്പിനല്ലെന്ന് കോണ്‍ഗ്രസ് നേതാവായ എബിന്‍ പറഞ്ഞു. എന്തിനാണ് ഒത്തുതീര്‍പ്പ് നടത്തേണ്ടത്. ഒത്തുതീര്‍പ്പിന്റെ ആവശ്യം പോലും ഈ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. പരാതിക്കാരേയും സംഘത്തേയും നേരത്തെ തന്നെ അറിയുന്ന ആളുകളാണ്. യാദൃശ്ചികമായാണ് കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്നും എബിന്‍ പറഞ്ഞു. മോന്‍സന്‍ മാവുങ്കലിനെ കെ സുധാകരന്‍ സന്ദര്‍ശിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിവാദങ്ങളെ തള്ളി കെ സുധാകരന്‍ രംഗത്തെത്തി. 

താന്‍ മോന്‍സനെ ഡോക്ടര്‍ എന്ന നിലയ്ക്ക് ചികിത്സയിക്കായി ബന്ധപ്പെട്ടിരുന്നുവെന്നും അല്ലാതെ മോന്‍സനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മോന്‍സന്റെ വീട്ടില്‍പോയിരുന്നപ്പോള്‍ വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ കണ്ടിട്ടുണ്ടെന്നും മോണ്‍സന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും തനിക്കെതിരെ പുറത്ത് വന്ന ആരോപണങ്ങള്‍ അടി സ്ഥാനരഹിതമാണെന്നും സുധാകരന്‍ പറഞ്ഞു.

Eng­lish Sum­ma­ry : Mon­son Mavunkal and K Sudhakaran 

You may also like this video :

Exit mobile version