Site icon Janayugom Online

പഴഞ്ചൻ കാറുകള്‍ വാങ്ങി പെയിന്റടിച്ച് സ്റ്റിക്കറും പതിപ്പിച്ച് പോര്‍ഷെയും ലിമോസിനുമാക്കി; രജിസ്ട്രേഷൻ പോലുമില്ലാതെ മോൻസന്റെ ആഡംബര കാറുകള്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോൻസണ്‍ മാവുങ്കലിന്റെ പുതിയ തട്ടിപ്പുകള്‍ പുറത്ത്. ആഡംബര കാറുകള്‍ എന്ന പേരില്‍ മോൻസണ്‍ ഉപയോഗിച്ചുവന്നിരുന്നത് വില കുറഞ്ഞ രൂപമാറ്റം ചെയ്ത കാറുകളാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഉന്നതരുടെയും സെലിബ്രിറ്റികളുടെയും ശ്രദ്ധതിരിക്കാൻ മോൻസണ്‍ വീട്ടുമുറ്റത്ത് നിരത്തിയിട്ടിരുന്ന കാറുകളെല്ലാം അറുപഴഞ്ചൻ ആണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. 

ഡിപ്ലോമാറ്റിക് വാഹനമായി മോന്‍സന്‍ അവതരിപ്പിച്ചിരുന്ന ലിമോസിന്‍ കാര്‍, മെഴ്‌സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്. മോന്‍സന്‍ പതിവായി കറങ്ങിയിരുന്ന ദോഡ്‌ജേ ഗ്രാന്റിന്റെ രജിസ്‌ട്രേഷന്‍ 2019ല്‍ അവസാനിച്ചു. ഹരിയാന രജിസ്‌ട്രേഷന്‍ വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷൂറന്‍സ് പോലുമില്ല. വരുന്നവരോടെല്ലാം മോന്‍സന്‍ തലപ്പൊക്കത്തോടെ പറഞ്ഞിരുന്ന ലക്‌സസ് , റേഞ്ച് റോവര്‍, ടോയോട്ടാ എസ്റ്റിമ എന്നിവയുടെയൊന്നും രേഖകള്‍ പരിവാഹന്‍ വൈബ് സൈറ്റില്‍ കാണാനില്ല. വ്യാജ നമ്പര്‍ പ്ലേറ്റിലാണ് ഇവ കേരളത്തില്‍ ഉപയോഗിച്ചതെന്നാണ് നിഗമനം.

ഹരിയാന രജിസ്‌ട്രേഷനിലുളള പോര്‍ഷേ വാഹനം യഥാര്‍ഥ പോര്‍ഷേ അല്ലെന്നാണ് കണ്ടെത്തല്‍, മിത്സുബുഷി സിഡിയ കാര്‍ രൂപം മാറ്റി പോര്‍ഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഇവയുടെ യഥാര്‍ഥ രജിസ്‌ട്രേഷന്‍ നമ്പര്‍ അറിയാന്‍ അടുത്ത ദിവസം തന്നെ ചേസിസ് നമ്പറും എഞ്ചിന്‍ നമ്പറും പരിശോധിക്കും.

രാജ്യത്തെ പ്രമുഖ വാഹന ഡിസൈനറായ ദീപക് ഛാബ്രിയ ഡിസൈന്‍ ചെയ്ത ഫെറാറി ലോഗോ പതിപ്പിച്ച കാര്‍ ഇക്കൂട്ടത്തിലുണ്ടെന്നും മോട്ടോര്‍ വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുളള ഈ കാറിന് രജിസ്‌ട്രേഷന്‍ അനുമതി കിട്ടാതെവന്നതോടെ നിരത്തിലിറക്കാനായില്ല. ഇതെങ്ങനെ മോന്‍സന്റെ കൈയ്യിലെത്തിയെന്നും പരിശോധിക്കും.
ബോളിവുഡ് താരത്തിന്റെ പേരില്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നു. ഉപയോഗശൂന്യമായ ഈ കാറുകള്‍ മുംബൈയിലെത്തി നിസാര വിലക്ക് ഇയാള്‍ സ്വന്തം ആക്കിയതാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

Eng­lish Sum­ma­ry : mon­son mavunkal made fake lux­u­ry cars

You may also like this video :

Exit mobile version