Site icon Janayugom Online

മണ്‍സൂണ്‍ വിടവാങ്ങി; ആറ് ശതമാനം കുറവ്

ആറ് ശതമാനം കടം ബാക്കി നിര്‍ത്തി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്ത് നിന്ന് പിന്‍വാങ്ങി. മണ്‍സൂണ്‍ തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് ഇന്നലെ മുതല്‍ പിന്‍വാങ്ങിത്തുടങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ പിന്‍വാങ്ങല്‍ തീയതി സെപ്റ്റംബര്‍ 17 നായിരുന്നു. ഇത്തവണ എട്ടുദിവസം കൂടുതല്‍ തങ്ങിയെങ്കിലും അതിന്റെ പ്രതിഫലനം മഴയുടെ അളവിലുണ്ടായിട്ടില്ല. മണ്‍സൂണ്‍ പിന്മാറ്റം കാര്‍ഷിക ഉല്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്.

പ്രത്യേകിച്ച് റാബി വിള ഉല്പാദനത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന മണ്‍സൂണ്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ ജീവവായു ആയി വിലയിരുത്തപ്പെടുന്നു. സാധാരണ ലഭിക്കുന്ന 843.2 മില്ലിമീറ്റര്‍ മഴയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആറ് ശതമാനം കുറഞ്ഞു. ഇത് രാജ്യത്തെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സാധാരണഗതിയില്‍ രാജ്യത്ത് മണ്‍സൂണ്‍ ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ ആരംഭിച്ച് വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേയ്ക്ക് സഞ്ചരിക്കുകയാണ് പതിവ്. ജൂലൈ എട്ടാം തീയതിയോടെ രാജ്യമാകെ വ്യാപിക്കുന്ന മണ്‍സൂണ്‍ സെപ്റ്റംബര്‍ 17 ഓടെ പിന്‍വാങ്ങും.

ഒക്ടോബര്‍ 15 ഓടെ മണ്‍സൂണ്‍ പൂര്‍ണമായി അപ്രത്യക്ഷമാകും. ഈ മണ്‍സൂണ്‍ കാലത്ത് ഇതുവരെ 794.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയാതായി കാലാവസ്ഥാ വകുപ്പിന്റെ രേഖകള്‍ പറയുന്നു. ദീര്‍ഘകാല ശരാശരിയായ 94 ശതമാനത്തിനും 106 ശതമാനത്തിനുമിടയിലുള്ള മഴയാണ് സാധാരണ എന്ന് കണക്കാക്കപ്പെടുന്നത്. നാലുമാസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ സീസണില്‍ ശരാശരി 870 മില്ലിമീറ്റര്‍ മഴയാണ് രാജ്യത്ത് ലഭിക്കുന്നത്. ഇത്തവണ സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് പ്രവചനം. എന്നാല്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസത്തിന്റെ ഫലമായി മഴയില്‍ പരക്കെ കുറവ് അനുഭവപ്പെടുകയായിരുന്നു.

Eng­lish Sum­ma­ry: Mon­soon starts with­draw­ing from India
You may also like this video

Exit mobile version