ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രവചനം വെട്ടിക്കുറച്ച് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ്. സെപ്റ്റംബറില്‍ പ്രവചിച്ച 7.7ല്‍ നിന്നും ഏഴ് ശതമാനമായാണ് ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചത്. ആഗോള മാന്ദ്യവും ആഭ്യന്തര പലിശനിരക്കിലെ വർധനവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വേഗതയെ തടസപ്പെടുത്തുമെന്ന് മൂഡീസ് പറഞ്ഞു. ഈ വര്‍ഷം രണ്ടാംതവണയാണ് ഏജന്‍സി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറയ്ക്കുന്നത്. മേയില്‍ 8.8 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രവചിച്ചിരുന്നതെങ്കില്‍ സെപ്റ്റംബറിലിത് 7.7 ശതമാനമാക്കിയിരുന്നു.
രൂപയുടെ മൂല്യത്തകർച്ചയും ഉയർന്ന എണ്ണവിലയും പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ്. പണപ്പെരുപ്പം ഈ വര്‍ഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടക്കാല ലക്ഷ്യത്തിന് മുകളിലായിരുന്നുവെന്നും മൂഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈയില്‍ ഏഴ് ശതമാനമായി താഴ്ന്ന ചില്ലറ പണപ്പെരുപ്പം സെപ്റ്റംബറില്‍ 7.5 ആയി ഉയര്‍ന്നു.
പണപ്പെരുപ്പം നേരിടാന്‍ മേയ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ആര്‍ബിഐ മൂന്ന് തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തി. ഈ കാലയളവില്‍ വളര്‍ച്ചാ നിരക്ക് ഏഴില്‍ നിന്ന് 7.2 ശതമാനമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. റിപ്പോ നിരക്കില്‍ ഇനിയും 50 ബേസിസ് പോയിന്റിന്റെ വര്‍ധനവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നടപടികള്‍ പണപ്പെരുപ്പ സമ്മർദ്ദങ്ങളെ ഗുണപരമായി സ്വാധീനിച്ചതിന് ശേഷം മാത്രമേ ആർബിഐ പണപ്പെരുപ്പ നിയന്ത്രണത്തിൽ നിന്ന് വളർച്ചയിലേക്ക് ശ്രദ്ധ മാറ്റുമെന്നും മൂഡീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം 2023ല്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ 4.8 ശതമാനമായി കുറയുമെന്നും 2024ല്‍ ഇത് 6.4 ആയി വര്‍ധിക്കുമെന്നുമാണ് മൂഡീസ് വിലയിരുത്തുന്നു.
English Summary: Moody’s cuts India’s economic growth rate
You may also like this video