Site iconSite icon Janayugom Online

മൂസെവാല കൊലപാതകം; രണ്ട് പ്രതികള്‍ ജയിലില്‍ കൊല്ലപ്പെട്ടു

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു. തന്‍താരന്‍ ജില്ലയിലെ ഗോവിന്ദ്‍വാല്‍ സാഹിബ് ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മരണം. തുഫാന്‍ എന്ന മന്‍ദീപ് സിങ്, മോഹന എന്ന മന്‍മോഹന്‍ സിങ് എന്നിവരാണ് മരിച്ചത്. കേശവ് എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും മൂസെവാല വധക്കേസില്‍ പ്രതിയാണ്.
ഏറ്റുമുട്ടലിനുപയോഗിച്ച മൂർച്ചയേറിയ ആയുധങ്ങൾ പ്രതികൾ ജയിലിൽ വച്ച് നിർമ്മിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

2022 മേയ് 28നാണ് മന്‍സയില്‍ വച്ച് കോണ്‍ഗ്രസ് നേതാവ് കൂടിയായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. വാഹനത്തില്‍ പോകവെ 28കാരനായ മൂസെവാലയെ ഒരു സംഘം പിന്തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് മൂസെവാലയെ കൊലപ്പെടുത്തിയത്. അതേസമയം ജയിലിലെ സംഘര്‍ഷത്തില്‍ ഭരണകക്ഷിയായ എഎപിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. എഎപി സര്‍ക്കാരിന്റെ ജംഗിള്‍ രാജില്‍ ആരും സുരക്ഷിതരല്ലെന്ന് ശിരോമണി അകാലിദള്‍ പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നും എസ്എഡി ആവശ്യപ്പെട്ടു.

Eng­lish Summary;Moosewala mur­der; Two accused were killed in prison

You may also like this video

Exit mobile version