Site iconSite icon Janayugom Online

യുവജനങ്ങൾക്കായി കൂടുതൽ കർമ്മപദ്ധതികൾ നടപ്പാക്കും: മന്ത്രി സജി ചെറിയാൻ

അടുത്ത നാലര വർഷക്കാലം യുവജനങ്ങൾക്കായി കൂടുതൽ കർമ്മ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന അവളിടം പദ്ധതിയുടെ ഉദ്ഘാടനം പൊള്ളത്തെ ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മേഖലയ്ക്ക് പ്രാമുഖ്യം നൽകിയുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്. ആവശ്യമായ പരിശീലനം നൽകി കൂടുതൽ വനിതകളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരും.

സ്ത്രീ ശാക്തീകരണം യാഥാർത്ഥ്യമാക്കുന്നതിന് പുരുഷ, ജാതി, സാമ്പത്തിക മേധാവിത്വങ്ങൾ പോലുള്ള ഫ്യൂഡൽ ചിന്താഗതികൾ കൈവെടിയാൻ സമൂഹം തയ്യാറാകേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീധനം അടക്കമുള്ള ദുരാചാരങ്ങൾക്ക് എതിരായി സംസ്ഥാന സർക്കാർ സമം എന്ന പദ്ധതി നടപ്പാക്കുകയാണ്. ഇതോടനുബന്ധിച്ച് 1001 സ്ത്രീകളെ ആദരിക്കും.സ്ത്രീധനത്തിൻറെ പേരിൽ സമൂഹത്തിൽ നടക്കുന്ന ദുരാചാരങ്ങൾ ഇല്ലാതാക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. ഇതിനായി ശക്തമായ ബോധവത്കരണം വേണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം അധ്യക്ഷത വഹിച്ചു. അവളിടം പദ്ധതി ലോഗോ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹേന്ദ്രന് നൽകി മന്ത്രി പ്രകാശനം ചെയ്തു.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, സംസ്ഥാന യുവജന കമ്മീഷൻ സെക്രട്ടറി ക്ഷിതി വി ദാസ്, യുവജന കമ്മീഷൻ അംഗങ്ങളായ പി എ സമദ്, ആർ രാഹുൽ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് സിംസൺ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സാൻറിംഗ് കമ്മിറ്റി ചെയർമാൻ എം രജീഷ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീല സുരേഷ്, പി ജെ ഇമ്മാനുവേൽ, ജാസ്മിൻ ബിജു, പഞ്ചായത്ത് അംഗം സേവ്യർ മാത്യു, സി ഡി എസ് ചെയർപേഴ്സൺ ജി ലളിത, പൊള്ളത്തെ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് അന്നമ്മ, എ അഖിൽ എന്നിവർ പങ്കെടുത്തു.

Exit mobile version