അഫ്ഗാൻ പൗരൻ രണ്ട് യുഎസ് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിയുതിർത്ത സംഭവത്തെത്തുടർന്ന്, എല്ലാ അഭയ അപേക്ഷകളും നിർത്തിവച്ചതായി യുഎസ്. ഓരോ വിദേശ വ്യക്തിയും പരമാവധി പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയുന്നതുവരെ അഭയ അപേക്ഷകള്‍ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ അറിയിച്ചു.
ആക്രമണത്തിന് ശേഷം യുഎസ് ഭരണകൂടം കര്‍ശന കുടിയേറ്റ നടപടികളാണ് സ്വീകരിക്കുന്നത്. ബൈഡൻ ഭരണകൂടത്തിന് കീഴിൽ നൽകിയ എല്ലാ അഭയ അംഗീകാരങ്ങളും പുനഃപരിശോധിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പ്രഖ്യാപിച്ചിരുന്നു, സുരക്ഷാ കാരണങ്ങളാൽ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള 19 രാജ്യങ്ങളിലെ പൗരന്മാരിൽ നിന്നുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ പുനഃപരിശോധിക്കും. അഫ്ഗാൻ പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്ന എല്ലാ വ്യക്തികൾക്കും വിസ നൽകുന്നത് താൽക്കാലികമായി നിർത്തുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. , മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം യുഎസ് ശാശ്വതമായി നിർത്തുമെന്നും ആഭ്യന്തര സമാധാനത്തിന് കോട്ടം വരുത്തുമെന്ന് വിശ്വസിക്കുന്ന ആരുടെയും പൗരത്വം റദ്ദാക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു.
ബുധനാഴ്ച വെെറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ മരിച്ചിരുന്നു. ഇരുവര്‍ക്കും തലയ്ക്കാണ് വെടിയേറ്റത്. മുന്‍ പ്രസിഡന്റ് ജോ ബെെഡന്‍ അവതരിപ്പിച്ച കുടിയേറ്റ പദ്ധതി പ്രകാരം അഫ്ഗാനില്‍ നിന്ന് യുഎസിലെത്തിയ റഹ്മാനുള്ള ലകൻവാളാണ് വെടിവയ്പ് നടത്തിയത്. യുഎസിന്റെ പിന്‍വാങ്ങലിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് പതിനായരക്കണക്കിന് ആളുകളെ യുഎസിലെത്തിച്ച പദ്ധതിയാണിത്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സെെന്യവുമായും ലകന്‍വാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സിഐഎ സ്ഥിരീകരിച്ചു. സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ പരിക്കേറ്റ ലകന്‍വാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

