ഉത്തരാഖണ്ഡില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഇടിയുന്നതായി ആശങ്ക. ജോഷിമഠിനെ പോലെ ഋഷികേശ്, നൈനിത്താള്‍, മസൂറി എന്നിവിടങ്ങളിലെ കെട്ടിടങ്ങളിലും റോഡുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഋഷികേശില്‍ നിലവില്‍ 85 വീടുകള്‍ക്ക് വിള്ളലുകള്‍ വീണിട്ടുണ്ട്. ഇതിന് കാരണം ഋഷികേശ്- കര്‍ണപ്രയാഗ് റെയില്‍ പ്രോജക്ടാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഗ്രാമത്തിലെ എല്ലാ വീടുകളിലും വയലുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
വിള്ളലുകളും മണ്ണ് ഇടിയലും അനുഭവപ്പെടുന്ന മറ്റൊരു പ്രദേശമാണ് തെഹ്‌രി ഗർവാൾ. അപകടാവസ്ഥയിലുള്ള ഭൂരിപക്ഷം കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത് ചമ്പയിലെ സെൻട്രൽ മാർക്കറ്റ് പ്രദേശത്ത് ചാർധാം റോഡ് പദ്ധതിക്കായി 440 മീറ്റർ നീളമുള്ള തുരങ്കം നിര്‍മ്മിക്കുന്നതിന് സമീപത്താണ്. പദ്ധതിയുടെ നിര്‍മ്മാണം ഇപ്പോഴും പുരോഗമിക്കുന്നതിനാല്‍ കര്‍ണപ്രയാഗിലെയും ഋഷികേശിലെയും ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. തങ്ങളുടെ പട്ടണത്തിനും ജോഷിമഠിന്റെ അതേ ഗതി വരുമെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്.
ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർനാഥ് എന്നീ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് രൂപകല്പന ചെയ്ത ചെലവേറിയ രണ്ട് പദ്ധതികളാണ് ഋഷികേശ്-കർണപ്രയാഗ് റെയിൽ പാതയും ചാർധാം ഓൾ‑വെതർ റോഡും. ജോഷിമഠില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയായാണ് കര്‍ണപ്രയാഗ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ കെട്ടിടങ്ങളിലും വിള്ളലുകള്‍ വീണിട്ടുണ്ട്.
വീടുകളിലും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടതോടെ പരിഭ്രാന്തരായ ഗ്രാമവാസികള്‍ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് രാത്രികള്‍ കഴിച്ചുകൂട്ടുന്നത്. ബദരീനാഥ് ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന ബഹുഗുണ നഗറിലെ വീടുകളുടെ മേല്‍ക്കൂരകള്‍ അപകടകരമായി തൂങ്ങിക്കിടക്കുകയാണ്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മസൂറിയിലെ ലാൻഡൂർ ബസാറിലെ റോഡിന്റെ ഒരു ഭാഗം പടിപടിയായി താഴ്ന്നു കൊണ്ടിരിക്കുകയാണ്.
ദുര്‍ബല പ്രദേശത്ത് താമസിക്കുന്ന 500ലധികം ആളുകള്‍ അപകടത്തിലാണ്. നൈനിത്താളിലെ ലോവര്‍ മാള്‍ റോഡിന്റെ ഒരു ഭാഗം 2018 മുതല്‍ ഇടിഞ്ഞുതാഴുകയാണ്. ഇതില്‍ ചിലഭാഗങ്ങള്‍ കൈവരി തകര്‍ന്ന് നദിയില്‍ മുങ്ങിക്കിടക്കുകയാണ്. മണ്ണിടിച്ചല്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നടപടികള്‍ ദ്രുതഗതിയിലാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
English Summary: More areas fall in Uttarakhand
You may like this video also