Site icon Janayugom Online

സംസ്ഥാനത്ത് കൂടുതൽ വാനരവസൂരി ബാധ സ്ഥിരീകരിച്ചേക്കും; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൂടുതൽ വാനരവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെഗറ്റീവാണ്. കേസുകൾ ഉയർന്നേക്കാമെങ്കിലും വാനരവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വാനരവസൂരിക്ക് വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി വിലയിരുത്തി. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾക്ക് കൂടി വാനരവസൂരി സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. വാനര വസൂരി രാജ്യത്ത് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് എല്ലാ സംസ്ഥാനത്തനങ്ങൾക്കും നൽകിയിരിക്കുന്നത്.

കേരളത്തിലെ കൊല്ലം സ്വദേശിക്കാണ് ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് കണ്ണൂർ, മലപ്പുറം ജില്ലകളിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.

അതേസമയം വാനര വസൂരി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസിനെതിരെ ആഗോളശ്രദ്ധ ഉറപ്പാക്കുന്നതിനായി അടിയന്തരയോഗം ചേർന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പ്രഖ്യാപനം നടത്തിയത്.

Eng­lish summary;More cas­es of mon­key­pox may be con­firmed in the state; Health Minister

You may also like this video;

Exit mobile version