Site iconSite icon Janayugom Online

പാതിവില തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍ , ക്രൈം ബ്രാഞ്ച് ഉടനെ ഏറ്റെടുക്കും; പ്രതിയുമായി ഇന്ന് തെളിവെടുപ്പ്

പാതിവില തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിച്ചു. കേസുകളുടെ അന്വേഷണം ഉടനെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.അതത് ജില്ലകളിലെ ക്രൈംബ്രാഞ്ച് യൂണിറ്റുകളെ അന്വേഷണം ഏല്‍പ്പിക്കാനാണ് സാധ്യത.തട്ടിപ്പില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ക്ക് പുറമെ പ്രമുഖ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ട്. അതേസമയം, പാതിവില സ്ക്കൂട്ടര്‍ തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 

തട്ടിപ്പിന് ഉപയോഗിച്ച 21 അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ഇതിലൂടെ 500 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍. സായി ഗ്രാമം ഡയറക്ടര്‍ ആനന്ദകുമാര്‍ 2 കോടിയും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് 46 ലക്ഷവും വാങ്ങിയെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കേസില്‍ ആനന്ദകുമാറിനെയും പ്രതി ചേര്‍ത്തേക്കും.

അനന്തു കൃഷ്ണന്‍ പണം നല്‍കിയവരെ മാത്രമല്ല വാഹന ഡീലര്‍മാരെയും കബളിപ്പിച്ചിട്ടുണ്ട്. കമ്പനികള്‍ക്കും വാഹന ഡീലര്‍മാര്‍ക്കുമായി ഇയാള്‍ നല്‍കാനുള്ളത് 30 കോടിയോളം രൂപയാണ്. അനന്തു കൃഷ്ണന്‍ നേതൃത്വം നല്‍കിയ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തട്ടിപ്പു നടത്തിയത് മണി ചെയിന്‍ മാതൃകയിലാണെന്നും വ്യക്തമായിട്ടുണ്ട്.

Exit mobile version