സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിന്റെ കൂടുതല്‍ അഴിമതികള്‍ പുറത്തേക്ക്. സെബി മേധാവിയായിരിക്കെ സ്വന്തം സ്ഥാപനമായ അഗോറ കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ രാജ്യത്തെ അഞ്ച് കുത്തക കമ്പനികളില്‍ നിന്ന് സര്‍വീസ് ചാര്‍ജായി കോടികള്‍ കൈപ്പറ്റിയെന്നാണ് പുതിയ ആരോപണം.
99 ശതമാനം ഓഹരി മാധബി ബുച്ചിന്റെ ഉടമസ്ഥതയിലുള്ള അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് വഴി മഹീന്ദ്രയടക്കമുള്ള വിവിധ കമ്പനികളിൽ നിന്നും 2.95 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പുറമേ, മാധബിയുടെ ഭർത്താവ് ധവൽ ബുച്ച് 2019–2021 കാലയളവിൽ മഹീന്ദ്ര ഗ്രൂപ്പിൽ നിന്ന് 4.78 കോടി രൂപ വ്യക്തിഗതമായും കൈപ്പറ്റി.
മഹീന്ദ്രയെ കൂടാതെ, ഡോക്ടർ റെഡ്ഡീസ്, പിഡ്‌ലൈറ്റ്, ഐസിഐസിഐ, സെംബ്കോർപ്പ്, വിസു ലീസിങ് ആന്റ് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കും അഗോറ കൺസൾട്ടൻസി സേവനം നൽകി. 2016–2024 സമയത്ത് ബുച്ചിന്റെ സ്ഥാപനത്തിന് ലഭിച്ച മൊത്തം വരുമാനത്തിന്റെ 88 ശതമാനവും മഹീന്ദ്രയിൽ നിന്നാണ്. മഹീന്ദ്രയുമായി ബന്ധപ്പെട്ട കേസുകൾ സെബി തീർപ്പാക്കുന്ന സമയത്താണ് ബുച്ചും ഭർത്താവും പണം കൈപ്പറ്റിയതെന്നതും ശ്രദ്ധേയം. സെബി നിയമത്തിലെ സെക്ഷന്‍ അഞ്ച് അനുസരിച്ച് കോഡ് ഓഫ് കോണ്‍ഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് ഫോര്‍ മെമ്പേഴ്സ് പ്രകാരം ഗുരുതര നിയമലംഘനമാണ് മാധബി ബുച്ച് നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.