Site iconSite icon Janayugom Online

‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡിൽ കൂടുതൽ ഉല്പന്നങ്ങൾ

സംസ്ഥാനത്തെ തദ്ദേശീയ ഉല്പന്നങ്ങൾ ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ വിപണനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘മേയ്ഡ് ഇൻ കേരള’ ബ്രാൻഡ് പത്ത് ഉല്പന്നങ്ങൾ കൂടി വിപണിയിലെത്തിക്കുന്നു. കേരള ബ്രാൻഡിൽ കാപ്പി, ചായ, തേൻ, നെയ്യ്, പാക്ക് ചെയ്ത കുടിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പി വി സി പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ പത്ത് ഉല്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഇവ മാർക്കറ്റിലെത്തും. പത്ത് ഉല്പന്നങ്ങൾക്കായി നൂറ് യൂണിറ്റുകൾ സംസ്ഥാനത്ത് ആരംഭിക്കും.

ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന, തെരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് നന്മ എന്ന ബ്രാൻഡ് ലോഗോ നൽകും. ഇവരുടെ ഉല്പന്നങ്ങളുടെ പാക്കറ്റ്, പരസ്യം തുടങ്ങിയവയിൽ ലോഗോയും ക്യുആർ കോഡും ഉപയോഗിക്കാം. 2023ലെ സംസ്ഥാന വ്യവസായ നയത്തിൽ അവതരിപ്പിച്ച പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു കേരളത്തിലെ ഉല്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് ‘മേയ്ഡ് ഇൻ കേരള’ പദ്ധതി നടപ്പാക്കുകയെന്നത്.

വ്യവസായ വാണിജ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുകയും താലൂക്ക് തല സെലക്ഷൻ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത ആറ് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്ക് ആദ്യഘട്ടത്തിൽ കേരള ബ്രാൻഡ് രജിസ്ട്രേഷൻ നൽകി. പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിന്റെ തനത് ഉല്പന്നം എന്ന നിലയിലാണ് വെളിച്ചെണ്ണ പരിഗണിച്ചത്. ഇപ്പോൾ ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവയ്ക്ക് ബ്രാൻഡ് നല്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

കേരള ബ്രാൻഡ് ലഭിച്ചാൽ ഉല്പന്നങ്ങൾക്ക് വിശ്വാസ്യത കൂടും. സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാത്തരത്തിലുമുള്ള പ്രോത്സാഹനം ഈ ഉല്പന്നങ്ങൾക്ക് ലഭിക്കും. അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാകും. കേരള ബ്രാൻഡായി അംഗീകരിക്കപ്പെടണമെങ്കിൽ ഉല്പന്നം പൂർണമായും കേരളത്തിൽ ഉല്പാദിപ്പിക്കുന്നതായിരിക്കണം. അസംസ്കൃത വസ്തുക്കൾ കേരളത്തിൽ ലഭ്യമാകുന്നവയാണെങ്കിൽ ഇവിടന്ന് തന്നെ വാങ്ങണം. ഗുണനിലവാരം മുൻനിറുത്തിയാണ് സംരംഭകരെ കേരള ബ്രാൻഡിൽ ഉൾപ്പെടുത്തുന്നത്.

Exit mobile version