ഓണക്കാലത്തെ വന്‍ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതി. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ പ്രധാന സ്റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ വേണ്ടത്. നിലവില്‍ ഓടുന്ന ട്രെയിനുകളില്‍ ഓണക്കാലത്ത് കൂടുതല്‍ കോച്ചുകള്‍ അനുവദിക്കണമെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്ന് മുംബൈ വഴിയുള്ള ട്രെയിനുകള്‍ പനവേല്‍ സ്‌റ്റേഷനിലൂടെ കടന്നുപോകുന്നതിനാല്‍ മുംബൈ നഗരത്തിലേക്കുള്ള യാത്രക്കാര്‍ വലിയ പ്രയാസം നേരിടുകയാണ്. തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്കും (കോട്ടയം വഴി) തിരിച്ചും ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത് വലിയ സഹായമാകും. അജ്മീര്‍ തീര്‍ത്ഥാടകര്‍ വലിയതോതില്‍ ആശ്രയിക്കുന്ന രാജസ്ഥാനിലേക്കുള്ള മരുസാഗര്‍ എക്‌സ്പ്രസില്‍ വന്‍ തിരക്കാണ്. ഓണക്കാലത്ത് ഈ തിരക്ക് കൂടുന്നതിനാല്‍ ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും പ്രത്യേക ട്രെയിന്‍ ഓടിക്കണം. സ്പെഷ്യല്‍ ട്രെയിനുകളെ കുറിച്ച് യാത്രക്കാര്‍ അറിയാതെ പോകുന്നത് വലിയ വീഴ്ചയാണ്. അതിനാല്‍, സ്പെഷ്യല്‍ ട്രെയിനുകളുടെ ഷെഡ്യൂള്‍ നേരത്തേ തന്നെ പ്രഖ്യാപിക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ റെയില്‍വേ മന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു.

