Site iconSite icon Janayugom Online

ഇന്ത്യക്കെതിരെ 15 ലക്ഷത്തിലധികം പാക് സൈബര്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കു നേരെ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണം നടത്തി പാക് ഹാക്കര്‍മാര്‍. എപിടി 36, പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ്, ഇന്‍സെയിന്‍ പാകിസ്ഥാന്‍, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇന്തോ ഹാക്ക് സെക്, ഹോആക്സ് 1337, നാഷണല്‍ സൈബര്‍ ക്രൂ എന്നീ ഏഴ് അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട് ഗ്രൂപ്പുകളാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് മഹാരാഷ്ട്ര സൈബര്‍ സെല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ നടത്തിയ കേവലം 150 ഹാക്കിങ് ശ്രമങ്ങള്‍ മാത്രമാണ് വിജയിച്ചത്. കുല്‍ഗാവ് ബദ്‌ലാപൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍, ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, ടെലികോം കമ്പനികള്‍ തുടങ്ങിയവയുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ടതായും ആരോപണമുണ്ട്. ഡിഫന്‍സ് നഴ്സിങ് കോളജിന്റെ വെബ്സൈറ്റും ഹാക്കര്‍മാര്‍ നശിപ്പിച്ചിരുന്നു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, മിഡില്‍ ഈസ്റ്റ്, ഇന്തോനേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഭീകരര്‍ക്കെതിരായ സൈനിക നടപടിയുടെ ഭാഗമായി തയ്യാറാക്കിയ റോഡ് ഓഫ് സിന്ദൂര്‍ എന്ന റിപ്പോര്‍ട്ടിലാണ് പാക് ഹാക്കര്‍മാര്‍ നടത്തിയ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്. ഡിജിപി, സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാറിലെത്തിയശേഷവും ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം തുടര്‍ന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സൈബര്‍ കുറ്റവാളികള്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തെന്ന വാദം സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ തള്ളി. മാല്‍വെയര്‍ ആക്രമണം, ഡിഡിഒഎസ്, ജിപിഎസ് സ്പൂഫിങ് എന്നീ ആക്രമണ രീതികളാണ് പാക് ഹാക്കര്‍മാര്‍ പ്രധാനമായും പ്രയോഗിച്ചത്. 

കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി കണക്ടു ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തില്‍ അല്ലെങ്കില്‍‍ ഒരു തള്ളിക്കയറ്റം സൃഷ്ടിച്ച് വെബ്സൈറ്റുകള്‍ തകര്‍ക്കുന്ന ഒരുതരം സൈബര്‍ ആക്രമണമാണ് ഡിഡിഒഎസ്. ദിശാനിര്‍ണയത്തിന് ഉപയോഗിക്കുന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം റിസീവറുകളെ വ്യാജ ഉപഗ്രഹ സിഗ്നലുകള്‍ ഉപയോഗിച്ച് കബളിപ്പിക്കുന്നതാണ് ജിപിഎസ് സ്പൂഫിങ്. ഈ ആക്രമണങ്ങളില്‍ പലതും ഇന്ത്യയുടെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചായിരുന്നു. എന്നാല്‍ വളരെ കൃത്യതയോടെ ഹാക്കര്‍മാരുടെ നീക്കം പൊളിക്കാന്‍ ഇന്ത്യക്കായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയുടെ ബാങ്കിങ് സംവിധാനം ഹാക്ക് ചെയ്തു, ഉപഗ്രഹ ജാമിങ് നടത്തി, ബ്രഹ്മോസ് മിസൈല്‍ സൂക്ഷിച്ച കേന്ദ്രത്തിനു നേരെ ആക്രമണം നടത്തി തുടങ്ങിയ അവകാശ വാദങ്ങളും പാക് ഹാക്കര്‍മാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പച്ചക്കള്ളമാണെന്ന് തെളിവടക്കം റോഡ് ഓഫ് സിന്ദൂര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

Exit mobile version