Site iconSite icon Janayugom Online

മധ്യപ്രദേശില്‍ 200ലധികം തത്തകള്‍ ഭക്ഷ്യവിഷബാധയേറ്റ് ചത്തു

മധ്യപ്രദേശിലെ ഘർ​ഗോൺ ജില്ലയിലെ നർമ്മദ നദിയ്ക്ക് സമീപം 200ലധികം തത്തകൾ ഭക്ഷ്യവിഷബാധയേറ്റ് ചത്തതായി റിപ്പോർട്ട്. പക്ഷികൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ ആദ്യം പക്ഷിപ്പനിയാണെന്ന സംശയം ഉണ്ടായെങ്കിലും പോസ്റ്റുമാർട്ട റിപ്പോർട്ട് പുറത്ത് വന്നതോടെ ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിച്ചു.

ജീവനോടെ രക്ഷപ്പെടുത്തിയ തത്തകളും പിന്നീട് ചത്തതായും അധികൃതര്‍ അറിയിച്ചു. മാരകമായ അ‌ളവിൽ വിഷം ഉള്ളിൽ ചെന്നിട്ടുണ്ടാകാമെന്ന് ജില്ലാ വന്യജീവി വാർഡൻ ടോണി ശർമ്മ അറിയിച്ചു. അസ്വാഭാവികമായി ഒരുപാട് പക്ഷികൾ ചത്തത് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതിനാലാണ് പോസ്റ്റ്മാർട്ടം നടത്തിയത്. എന്നാൽ പക്ഷികളിൽ ഇൻഫക്ഷൻ കണ്ടെത്താനായില്ല.

പക്ഷികളുടെ വിസർജ്യ സാമ്പിൾ കൂടുതൽ പരിശോധനകൾക്കായി ജബൽപൂരിലെ ലാബിലേയ്ക്ക് അയച്ചിട്ടുള്ളതായി അധികൃതർ പറഞ്ഞു. നർമ്മദ നദിക്ക് സമീപമുള്ള പാലത്തിന് താഴെയാണ് പക്ഷികളെ കൂട്ടത്തോടെ കാണാനാകുക. ഈ പ്രദേശത്ത് പക്ഷികൾക്ക് ആഹാരം കൊടുക്കുന്നത് വനം വകുപ്പ് പൂർണമായും നിരോധിച്ചിട്ടുണ്ട്. സംഭവം അന്വേഷിച്ച് വരികയാണെന്ന് ഉദ്ദ്യോ​ഗസ്ഥർ പറഞ്ഞു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും, വെറ്റിനറി സംഘവും കഴിഞ്ഞ നാല് ദിവസങ്ങളായി പ്രദേശത്ത് നീരീക്ഷണം നടത്തിവരികയാണ്. 

Exit mobile version