Site iconSite icon Janayugom Online

മണിപ്പൂരില്‍ കാണാതായ മൊയ്തി വിഭാഗത്തില്‍പ്പെട്ട 56കാരനായുള്ള തിരച്ചിലിനായി രണ്ടായിരത്തിലേറെ സൈനികരെ വിന്യസിച്ചു

മണിപ്പൂരില്‍ ഒരാഴ്ചയിലേറെയായി കാണാതായ മെയ്തി വിഭാഗത്തില്‍പ്പെട്ട 56കാരനായുള്ള തിരച്ചിലിനായി രണ്ടായിരത്തിലേറെ സൈനികരെ വിന്യസിച്ചു. ഇംഫാല്‍ വെസ്റ്റിലെ ഖുക്രുലിലെ താമസക്കാരനായ ലൈഷ്റാം കമല്‍ബാബു സിങ്ങിനെ കാങ്പോക്പിയിലെ ലെയ്മഖോംഗ് സൈനിക ക്യാമ്പിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കാണാതായത്.

നവംബര്‍ 25ാം തീയതി മുതല്‍ കാണാതായ ലൈഷ്റാം കമല്‍ബാബു സിങിനെ കണ്ടെത്താനായി അന്നുമുതല്‍ തന്നെ സൈന്യത്തിന്റെ സഹായത്തോടെ സംയുക്ത തിരച്ചില്‍ ആരംഭിച്ചതായും മണിപ്പൂര്‍ പൊലീസ് പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്താനായി സൈന്യം എല്ലാവിധ സഹായവും നല്‍കിയതായി പൊലീസ് പറഞ്ഞു. 2000ലധികം സൈനികര്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ തുടങ്ങി അദ്ദേഹത്തെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായും പൊലീസ് പറഞ്ഞു.

കമല്‍ബാബു സിങിന്റെ തിരോധാനത്തെ തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇംഫാലില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ളതും കുക്കി ആധിപത്യമുള്ള പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ടതുമായ ലെയ്മഖോംഗ് സൈനിക ക്യാമ്പില്‍ ചെറിയ ജോലികള്‍ ചെയ്തുവരികയായിരുന്നു സിങ്. കഴിഞ്ഞ വര്‍ഷം മെയില്‍ ആരംഭിച്ച വംശീയ കലാപത്തിന്റെ തുടക്കത്തില്‍തന്നെ ലെയ്മഖോങ്ങിന് സമീപം താമസിച്ചിരുന്ന മെയ്തികള്‍ പ്രദേശം വിട്ടുപോയിരുന്നു മണിപ്പൂര്‍ കലാപത്തിനിടെ ഇതുവരെ 250ലേറെപ്പേരാണ് മരിച്ചത്.

Exit mobile version