ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവകാലത്തിന് നാളെ പരിസമാപ്തിയാകും. നാളെയാണ് ശബരിമല നട അടയ്ക്കുന്നതെങ്കിലും തീര്‍ഥാടകര്‍ക്ക് ഇന്ന് രാത്രി വരെയാണ് ദര്‍ശനം ഉണ്ടാവുക. പമ്പയില്‍നിന്നു വൈകീട്ട് ആറു വരെ ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടും.
പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർത്ഥസഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത് ഐപിഎസ് പറഞ്ഞു.
ഡിസംബർ 30ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15 ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി. ദേവസ്വം ബോർഡ്, വിവിധ സർക്കാർ വകുപ്പുകൾ, അയ്യപ്പഭക്തർ തുടങ്ങി എല്ലാവരുടെയും തികഞ്ഞ സഹകരണമാണ് അനുഗ്രഹീതമായ നിലയിൽ സീസൺ സമാപിക്കാൻ കാരണമായത്

