Site icon Janayugom Online

മധ്യപ്രദേശിൽ 90, 000 കോവിഡ് പോരാളികൾക്ക് വേതനമില്ല

നവംബർ 12 നകം സംസ്ഥാനത്ത് 7.21 കോടി കോവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശിൽ 90,000 ലധികം ആരോഗ്യ പ്രവർത്തകർക്ക് മാസങ്ങളായി വേതനം ലഭിച്ചിട്ടില്ല. മധ്യപ്രദേശിനെ രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടത്തുന്ന അഞ്ചാമത്തെ സംസ്ഥാനമാക്കി മാറ്റുന്നതിനായി നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവർത്തകരാണ് തുച്ഛമായ വേതനം പോലും ലഭിക്കാതെ നെട്ടോട്ടമോടുന്നത്. 

വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് ജനക്കൂട്ടത്തെ എത്തിച്ച 84,000 അംഗീകൃത സാമൂഹിക ആരോഗ്യ (ആശ) പ്രവർത്തകർക്ക് ദിവസം 200 രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തത്. വാക്സിനേഷനായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ മിഷനും നിയോഗിച്ച പാരാമെഡിക്കൽ ജീവനക്കാർക്ക് പ്രതിദിനം 500 രൂപയും നൽകുമെന്നറിയിച്ചിരുന്നു. എന്നാൽ അവരിൽ 75ശതമാനത്തിലധികം പേരും ഇപ്പോഴും വേതനത്തിനായി കാത്തിരിക്കുകയാണ്. കോൾഡ് സ്റ്റോറേജിൽ നിന്ന് കേന്ദ്രങ്ങളിലേക്ക് വാക്സിനുകൾ എത്തിക്കുന്ന വാക്സിൻ ഡെലിവറി ജീവനക്കാർക്ക് അവർ കൊണ്ടുപോകുന്ന വാക്സിനുകളുടെ ബക്കറ്റിന് 90 രൂപ നൽകണം. 

ആശാ വർക്കർമാരെ പോലെ, ഇവരുടെ കുടിശികയും ഓഗസ്റ്റ് മുതൽ നൽകിയിട്ടില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, 14,000 ലധികം എഎൻഎം ജീവനക്കാർ കരാറുകാരോ പുറമേനിന്ന് നിയോഗിച്ചവരോ ആണ്. കഴിഞ്ഞ രണ്ട് മാസമായി 8,498 കേന്ദ്രങ്ങളിൽ വാക്സിനുകൾ നൽകുന്നത് ‍ഈ എഎൻഎംമാർ, ആശാ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെയാണ്. ഇവരുൾപ്പെടെയുള്ളവരാണ് വേതനമില്ലാതെ കാത്തിരിക്കുന്നത്. 

സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ, ജില്ലാ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർമാർക്കും ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർമാർക്കും 2021 ജനുവരി 28 ന് നൽകിയ കത്തിൽ, കോവിഡ് വാക്സിനേഷനായി ആളുകളെ സംഘടിപ്പിക്കുന്നതിന് ആശാ പ്രവർത്തകർക്ക് പ്രതിദിനം 200 രൂപയും ശമ്പളത്തിൽ 2,000 രൂപ അധികവും നൽകുമെന്ന് പറഞ്ഞിരുന്നു. പുറംകരാർ ജോലിചെയ്യുന്ന വാക്സിനേറ്റർമാർക്ക് പ്രതിദിനം 500 രൂപയും നൽകും. 

കോവിഡ് മുൻനിര പ്രവർത്തകർക്ക് 10,000 രൂപ ഇൻസെന്റീവ് നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് വാഗ്ദാനം ചെയ്ത പ്രതിഫലമോ മറ്റ് ആനുകൂല്യങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. ആവശ്യങ്ങൾ ഉന്നയിച്ച് ജൂനിയർ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ എട്ട് മാസത്തിനിടെ ഭോപ്പാലിൽ നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല. 

Eng­lish Sum­ma­ry : more than 90000 covid war­riors are unpaid in mad­hya pradesh

You may also like this video :

Exit mobile version