Site iconSite icon Janayugom Online

മണിപ്പൂരിലെ പകുതിയിലധികം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാര്‍; റിപ്പോര്‍ട്ട് പുറത്ത്

മണിപ്പൂര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന പകുതിയിലധികം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരെന്ന് കണ്ടെത്തല്‍. ഏകദേശം 21 ശതമാനം പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരുമാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു,
173 സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 38 മണ്ഡലങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന 91 (53 ശതമാനം) സ്ഥാനാര്‍ത്ഥികള്‍ കോടീശ്വരന്മാരാണ്, ഒരു സ്ഥാനാര്‍ത്ഥിയുടെ ശരാശരി ആസ്തി 2.51 കോടി രൂപയാണ്. 

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (എന്‍പിപി) 27 സ്ഥാനാര്‍ത്ഥികളില്‍ 21 (78 ശതമാനം), ബിജെപിയില്‍ നിന്നുള്ള 38 സ്ഥാനാര്‍ത്ഥികളില്‍ 27 (71 ശതമാനം), കോണ്‍ഗ്രസില്‍ നിന്നുള്ള 35 സ്ഥാനാര്‍ത്ഥികളില്‍ 18 (51 ശതമാനം) പേരും ജെഡിയുവിലെ 28 സ്ഥാനാര്‍ത്ഥികളില്‍ 14 പേരും (50 ശതമാനം) ഒരു കോടിയിലധികം ആസ്തിയുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍പിപി സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 3.48 കോടി രൂപയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് 2.84 കോടി രൂപയും ജെഡിയു സ്ഥാനാര്‍ത്ഥികളുടെ ശരാശരി 2.67 കോടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആസ്തി 1.93 കോടിയുമാണ്.

21 ശതമാനം അതായത് 37 പേര്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരില്‍ 27 പേര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ് നിലവിലുള്ളത്. ഇതില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട രണ്ടുപേരും കൊലപാതകകേസില്‍ ഉള്‍പ്പെട്ട രണ്ട് പേരും സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ടെന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയില്‍ നിന്ന് 11 പേരും ജെഡിയുവില്‍ നിന്ന് ഏഴുപേരും കോണ്‍ഗ്രസില്‍ നിന്ന് എട്ടുപേരും എന്‍പിപിയില്‍ നിന്ന് മൂന്നുപേരും ക്രിമിനല്‍ കേസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Summary:More than half of Manipur can­di­dates are millionaires
You may also like this video

Exit mobile version