കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം പ്രോത്സാഹിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത രണ്ടു ലക്ഷത്തിലേറെ എക്സ് അക്കൗണ്ടുകള്‍ ഒരു മാസത്തിനിടെ റദ്ദാക്കി. കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ ജനുവരി 25 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള 2,31,215 അക്കൗണ്ടുകളാണ് എക്സ് കോര്‍പ് റദ്ദാക്കിയത്.
സമൂഹമാധ്യമചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചുരുങ്ങിയ കാലയളവില്‍ ഇത്രയേറെ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത്. ഭീകരവാദം പ്രോത്സാഹിപ്പിച്ചതിന് 1,945 അക്കൗണ്ടുകളും നീക്കം ചെയ്തു. ആകെ 2,33,160 അക്കൗണ്ടുകളാണ് ഒരു മാസ കാലയളവില്‍ നിരോധിച്ചത്. പരാതി പരിഹാര സംവിധാനത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കളില്‍ നിന്ന് 2,525 പരാതികള്‍ ലഭിച്ചതായും എക്സ് അറിയിച്ചു. അക്കൗണ്ടുകള്‍ നിരോധിക്കണമെന്ന് കാണിച്ച് 967 പരാതികളും അതിക്രമം/ചൂഷണം എന്നിവ ഉയര്‍ത്തി 684 പരാതികളും ഇന്ത്യയില്‍ നിന്നുണ്ടായി. 368 പരാതികള്‍ ലൈംഗിക ഉള്ളടക്കങ്ങള്‍ ചൂണ്ടിക്കാട്ടിയും 313 എണ്ണം വര്‍ഗീയ വിദ്വേഷം പരത്തുന്നതുമാണെന്ന് എക്സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ ഡിസംബര്‍ 25 വരെ ഇന്ത്യയില്‍ 2,27,600 അക്കൗണ്ടുകളാണ് നിരോധിച്ചത്.
English Summary:More than two lakh X accounts were canceled in a month
You may also like this video