ആഗോളതലത്തില്‍ കോവിഡ് നിരീക്ഷണം, പരിശോധന എന്നിവ കുറയുന്നതിന്റെ ഫലമായി പുതിയ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതില്‍ തടസങ്ങള്‍ നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ വരും ദിവസങ്ങളില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുമെന്ന് ലോകാരോഗ്യ സംഘടനാ വിദഗ്‍ധ സമിതി അംഗമായ മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. വ്യാപനശേഷി കൂടുതലായ വകഭേദങ്ങളാകും ഭാവിയിലുണ്ടാകുകയെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഒമിക്രോണിന്റെ ബിഎ5 ആണ് ഏറ്റവും കൂടുതലായി കണ്ടെത്തുന്ന കോവിഡ് വകഭേദം.
ആഗോളതലത്തിലെ കോവിഡ് കേസുകള്‍ 15 ശതമാനമായും മരണങ്ങള്‍ 35 ശതമാനമായും വര്‍ധിച്ചു. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ 2,67,22,228 പുതിയ കേസുകളും 62, 892 മരണങ്ങളും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഒരോ ആഴ്ചയും 15,000 പേര് കോവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ കണക്കിലെടുത്താല്‍ കേസുകളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും മരിയ വ്യക്തമാക്കി. ആശുപത്രിവാസവും ദീര്‍ഘനാളത്തെ രോഗബാധയും മരണങ്ങളും കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നേരത്തെയുള്ള പരിശോധനകള്‍, ശരിയായ ക്ലിനിക്കല്‍ പരിചരണം, ചികിത്സകള്‍, പരിശീലനം ലഭിച്ചവരും പരിചയ സമ്പത്തുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വാക്സിനേഷന്‍ എന്നിവയിലൂടെ കോവിഡ് മരണങ്ങള്‍ കുറയ്ക്കാനാകും.
വാക്സിനുകള്‍ രോഗം ഗുരുതരമാകുന്നത് തടയുന്നതില്‍ ഫലപ്രദമാണ്. ശുപാര്‍ശ ചെയ്യപ്പെട്ട സമ്പൂര്‍ണ വാക്സിനേഷന്‍ ഡോസുകള്‍ മുന്‍ഗണനാ ക്രമത്തില്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വീടിനുള്ളില്‍ മാസ്ക് ധരിക്കുക, പൊതു ഇടപെടലുകള്‍ കുറയ്ക്കുക, പരിശോധന നടത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഗുരുതരമായ രോഗാവസ്ഥയെ തടയാമെന്നും മരിയ പറഞ്ഞു. ആഗോളതലത്തിലെ കണക്കുകള്‍ അനുസരിച്ച് അപകടസാധ്യതയുള്ളവര്‍ക്കിടയിലെ വാക്സിനേഷന്‍ നിരക്കുകള്‍ പര്യാപ്തമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
English Summary:More virulent Covid variants may be discovered: WHO
You may also like this video