മോറിസ് കോയിൻ തട്ടിപ്പ് കേസിൽ മലപ്പുറം സ്വദേശി നിഷാദിന്റെയും കൂട്ടാളികളുടെയും 36 കോടി രൂപയിലേറെ മതിപ്പ് വരുന്ന സ്ഥാവര ജംഗമ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
കണ്ടുകെട്ടിയ ആസ്തികളിൽ നിഷാദിന്റെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും ഒന്നിലധികം അക്കൗണ്ടുകളിലെ ബാങ്ക് ബാലൻസും ഉൾപ്പെടുന്നു. കൂട്ടാളികളിൽ ഒരാളുടെ ഭൂമി ഉൾപ്പെടെയുള്ള സ്ഥാവര സ്വത്ത്, മറ്റൊരാൾ കുറ്റകൃത്യത്തിന്റെ ഭാഗമായി വാങ്ങിയ ക്രിപ്റ്റോ കറൻസികൾക്ക് തുല്യമായ ഇന്ത്യൻ രൂപ എന്നിവയും കണ്ടുകെട്ടിയവയില്‍ ഉൾപ്പെടുന്നതായി ഇഡി പറഞ്ഞു.
കേരള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. മലപ്പുറം, കണ്ണൂർ തുടങ്ങി വിവിധ ജില്ലകളിലായി കേരള പോലീസ് ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 900ലധികം നിക്ഷേപകരിൽ നിന്ന് 1200 കോടി രൂപയുടെ തട്ടിപ്പാണ് നിഷാദും സംഘവും നടത്തിയത്.
മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നതിനായി ലോംഗ് റിച്ച് ഗ്ലോബൽ, ലോംഗ് റിച്ച് ടെക്നോളജീസ്, മോറിസ് ട്രേഡിംഗ് സൊല്യൂഷൻസ് തുടങ്ങിയ തന്റെ വിവിധ കമ്പനികൾ വഴി നിക്ഷേപകരിൽ നിന്ന് ഇനീഷ്യൽ കോയിൻ ഓഫറിന്റെ മറവിൽ നിഷാദ് പണം ശേഖരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
സെലിബ്രിറ്റികളുടെ സാന്നിധ്യത്തിൽ പ്രൊമോഷണൽ പരിപാടികൾ നടത്തിയും വെബ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ വഴി ഓരോ നിക്ഷേപകർക്കും ഇ വാലറ്റുകൾ നൽകിയും നിക്ഷേപകരെ ആകർഷിച്ചു. രാജ്യത്തെ നിർദ്ദിഷ്ട ഏജൻസികളിൽ നിന്നും നിയമപരമായ അനുമതി നേടാതെയാണ് പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ ശേഖരിച്ചത്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ പറ്റിക്കുകയായിരുന്നുവെന്ന് ഇഡി അധികൃതര്‍ ചൂണ്ടിക്കാട്ടി
ഇങ്ങനെ സ്വീകരിച്ച നിക്ഷേപം നിഷാദും കൂട്ടാളികളും നടത്തിയിരുന്ന കമ്പനികളിലൂടെ വഴിമാറ്റി. ഈ പണം ഭൂമിയും വിവിധ ക്രിപ്റ്റോകറൻസികളും ആഡംബര കാറുകളും വാങ്ങാനും ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും ചെലവഴിക്കുന്നതിനുമാണ് ഉപയോഗിച്ചതെന്ന് ഇ. ഡി. പറയുന്നു.
English Summary: Morris Coin scam: Defendants’ assets worth Rs 36 crore seized
You may like this video also