Site iconSite icon Janayugom Online

ബാങ്ക് വിളി വിശ്വാസികളിലേക്ക്; ഡിജിറ്റല്‍ അസാന്‍ ആപ്പുമായി മുംബൈയിലെ പള്ളികള്‍

ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബാങ്ക് വിളി വിശ്വാസികളിലേക്കെത്തിക്കാന്‍ അസാന്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് മുംബൈയിലെ അര ഡസനോളം പള്ളികള്‍. മറ്റ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ബാങ്ക് വിളി വിശ്വാസികളിലേക്ക് നേരിട്ടെത്തിക്കാന്‍ അസാന്‍ ആപ്പ് സഹായകമാണെന്ന് മാഹീം ജുമാ മസ്ജിദ് മാനേജിങ് ട്രെസ്റ്റി ഫഹദ് ഖലീല്‍ പഠാന്‍ പറഞ്ഞു. പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ബിജെപി സര്‍ക്കാരുകള്‍ കര്‍ശനമായ നടപടികള്‍ ആരംഭിച്ചിരുന്നു. 

തമിഴ്‌നാട് ആസ്ഥാനമായ കമ്പനിയാണ് അസാന്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. അസാന്‍ ആപ്പ് തീര്‍ത്തും സൗജന്യമാണ്. ഇതുവഴി ആളുകള്‍ക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ പള്ളി പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ സാധിക്കും. ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് അസാന്‍ ആപ്പിന്റെ ഉദയം. പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയരുമ്പോള്‍ തന്നെ അസാന്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശം നല്‍കുകയും പ്രാര്‍ത്ഥന തത്സമയം കേള്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഉപയോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം പ്രാര്‍ത്ഥന കേള്‍ക്കാനായി സമീപത്തുള്ള പള്ളി തെരഞ്ഞെടുക്കാവുന്നതാണ്. അസാന്‍ ആപ്പ് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളിലും ഐഫോണുകളിലും ലഭ്യമാണ്. മാഹിം ജുമാ മസ്ജിദ് പരിസരത്തുനിന്നും 500 പേര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ മുംബൈയിലെ ആറ് പള്ളികള്‍ ആപ്പിന്റെ സെര്‍വറില്‍ രജിസ്റ്റര്‍ ചെയ്തതായി പഠാന്‍ പറഞ്ഞു. അതേസമയം തമിഴ്‌നാട്ടില്‍ 250 പള്ളികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version