Site icon Janayugom Online

ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണമെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും വിശ്വസിക്കുന്നു; പുതിയ പഠനം

നിയമപരമായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യാവകാശമുണ്ടെങ്കിലും ഭാര്യ നിര്‍ബന്ധമായും ഭര്‍ത്താവിനെ അനുസരിക്കണമെന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നതെന്ന് പ്യു റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠനം. സമൂഹത്തിലും വീടിനുള്ളിലുമുള്ള സ്ത്രീ രുഷപ്രാതിനിധ്യത്തെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ കാഴ്ചപ്പാട് വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുന്‍പായി 2019–21 കാലഘട്ടത്തില്‍ 29,999 ഇന്ത്യക്കാരെ നേരില്‍ കണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

തൊഴിലവസരങ്ങളില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് എണ്‍പത് ശതമാനം ആളുകളും വിശ്വസിക്കുന്നതായി പഠനത്തില്‍ പറയുന്നു. പത്തില്‍ ഒന്‍പത് പേരും (87 ശതമാനം) വിശ്വസിക്കുന്നത് ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണമെന്നാണ്. 64 ശതമാനം ആളുകള്‍ ഇതിനെ പിന്തുണയ്ക്കുയും ചെയ്യുന്നു. ഭൂരിഭാഗം സ്ത്രീകളും ഇങ്ങനെ തന്നെ വിശ്വസിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി 2021ല്‍ ഇന്ത്യന്‍ മതങ്ങളെക്കുറിച്ച് നടത്തിയ സര്‍വെയും പഠനത്തിന് ആധാരമാക്കിയിട്ടുണ്ട്. 17 ഭാഷകളില്‍ അഭിമുഖം നടത്തിയാണ് സര്‍വെ തയ്യാറാക്കിയത്. ഇന്ത്യയിലെ ജനങ്ങള്‍ സാര്‍വത്രികമായി പറയുന്നത് സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം നല്‍കണമെന്നാണ്. പത്തില്‍ എട്ട് പേരും ഇത് ഏറെ പ്രാധാന്യമുള്ള വിഷയമാണെന്നും പറയുന്നു. അതേസമയം പുരുഷന്മാര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യക്കാര്‍ കരുതുന്നതായും പഠനത്തില്‍ പറയുന്നു. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇവരൊക്കെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണെന്നും രാഷ്ട്രീയരംഗത്ത് പ്രശസ്തരായ സ്ത്രീകളെ ഇന്ത്യക്കാര്‍ പിന്തുണയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ രംഗത്ത് സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യമാണെന്ന് 55 ശതമാനം പറഞ്ഞപ്പോള്‍ 14 ശതമാനം ആളുകള്‍ മാത്രമാണ് രാഷ്ട്രീയ രംഗത്ത് പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ ശോഭിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത്. 

Eng­lish Summary:Most Indi­ans believe that a wife should obey her husband
You may also like this video

Exit mobile version