Site iconSite icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ ഐക്യം ബിജെപിക്ക് വെല്ലുവിളി

sinhasinha

പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഐക്യം വ്യക്തമാക്കിയ പത്രികാ സമര്‍പ്പണം ബിജെപിക്ക് പുതിയ വെല്ലുവിളിയായി. സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്രസമിതിയും രംഗത്തെത്തി. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വന്‍ നിരയ്‌ക്കൊപ്പമെത്തിയ സിന്‍ഹ വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോഡിക്കുമുമ്പാകെ നാലു സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയറാം രമേഷ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെ നേതാക്കളായ എ രാജ, തിരുച്ചി ശിവ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ സിന്‍ഹയ്‌ക്കൊപ്പമെത്തി.

സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലുങ്കാന രാഷ്ട്ര സമിതി വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെ ടി രാമറാവുവും പത്രികാ സമര്‍പ്പണത്തിനെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തൃണമൂല്‍ നേതാക്കളായ അഭിഷേക് ബാനര്‍ജി, സുഗതാ റോയ്, ജയന്ത് ചൗധരി(രാഷ്ട്രീയ ലോക്ദള്‍), മിസാ ഭാരതി(ആര്‍ജെഡി), എന്‍ കെ പ്രേമചന്ദ്രന്‍(ആര്‍എസ്‌പി), ഇ ടി മുഹമ്മദ് ബഷീര്‍(ഐയുഎംഎല്‍), പ്രഫുല്‍ പട്ടേല്‍ (എന്‍സിപി) എന്നിവരും പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുത്തു. ശേഷം പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുന്നിലും ബി ആര്‍ അംബേദ്കര്‍ പ്രതിമയ്ക്കു മുന്നിലും സിന്‍ഹ ആദരം അര്‍പ്പിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യം ഭാവിയില്‍ വിവിധ വിഷയങ്ങളില്‍ ബിജെപിക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
രാഷ്ട്രപതി തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ആദ്യഘട്ടത്തിന് യശ്വന്ത് സിന്‍ഹ ചെന്നൈയില്‍ നിന്നാകും ഇന്ന് തുടക്കം കുറിക്കുക.

Eng­lish Sum­ma­ry: Most of the rebels have a his­to­ry of defection

You may like this video also

Exit mobile version