Site icon Janayugom Online

സംസ്ഥാനത്തെ ഭൂരിഭാഗം കാവുകളും പുറമ്പോക്ക് ഭൂമിയിൽ

സംസ്ഥാനത്തെ ഭൂരിഭാഗം കാവുകളും പുറമ്പോക്ക് ഭൂമിയിൽ. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലായി ചെറുതും വലുതുമായ ഒരുലക്ഷത്തിലേറെ കാവുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 1950 കാലയളവിൽ മൂന്നുലക്ഷമായിരുന്നു കാവുകളുടെ എണ്ണം. കണക്കിൽപ്പെടാത്ത കാവുകളും അനവധിയാണ്. ഹിമാലയത്തിൽ മാത്രം കണ്ടുവരുന്ന ഔഷധ സസ്യങ്ങളുടെ കലവറയാണ് കേരളത്തിലെ കാവുകൾ. സംരക്ഷണത്തിന് സർക്കാർ നിരവധി പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും വേണ്ടരീതിയിൽ പ്രയോജനം ലഭ്യമാകുന്നില്ലെന്ന് കാവുസംരക്ഷണ സമിതി പറയുന്നു. 

സംസ്ഥാനത്ത് കാവുകളെ ജൈവ വൈവിധ്യമുള്ളത്, ജൈവവൈവിധ്യം ഇല്ലാത്തത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ജൈവസമ്പത്ത് കുറവുള്ള കാവുകൾക്ക് നിലവിൽ സർക്കാർ ആനുകൂല്യങ്ങളില്ല. കേരളത്തിലെ കാവുകളിൽ ഭൂരിഭാഗവും ജൈവ വൈവിധ്യം കുറഞ്ഞവയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം കാവുകൾ ഉള്ള ജില്ല ആലപ്പുഴയാണ്. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാവുകൾ തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ്. ആലപ്പുഴ ജില്ലയിൽ മാത്രമാണ് കാവുകൾക്ക് സർപ്പക്കാവ് എന്ന പേര് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അപ്പൂപ്പൻകാവ്, അമ്മൂമ്മകാവ് എന്ന പേരിലാണ് കാവുകളെ തരംതിരിച്ചിരിക്കുന്നത്. 

2006ൽ ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കാവ് സംരക്ഷണം ജനകീയ പദ്ധതിയാക്കി മാറ്റിയിരുന്നു. ആലപ്പുഴ ജില്ലയിൽ അതിനായി പ്രത്യേക പാക്കേജുകളും നടപ്പിലാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സംരക്ഷണം നടന്നാൽ മാത്രമേ സംരക്ഷണം ഫലപ്രദമാവുകയുള്ളൂ. സംസ്ഥാന സർക്കാർ കാവുകളുടെ സംരക്ഷണം ഏറ്റെടുക്കുവാൻ ഔദ്യോഗികമായി ത്രിതല പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കാവ് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. 

ENGLISH SUM­MA­RY­Most of the sacred for­est in the state are on out­ly­ing land
You may also like this video

Exit mobile version