Site iconSite icon Janayugom Online

പാലക്കാട് ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

ammaamma

ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ ഫാമിലെ ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സമീറാം (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. 

ചെർപ്പുളശ്ശേരി വെള്ളിനേഴിയിലെ നെല്ലിപ്പറ്റക്കുന്ന് രതീഷിന്റെ പശുവളർത്തൽ ഫാമിൽ ജോലി ചെയ്തുവരികയായിരുന്നു ബംഗാൾ സ്വദേശി ബസുദേവും ഭാര്യ ഷമാലിയും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പണികഴിഞ്ഞ് തിരിച്ചെത്തിയ ഫാമിലെ മറ്റ് ജീവനക്കാരാണ് അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. ജലസംഭരണി തകര്‍ന്നുകിടക്കുകയായിരുന്നു. ഇവർ ഉടൻ തന്നെ വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു. ഭർത്താവ് ബസുദേവ് പുറത്തേക്ക് പോയിരുന്നു. പശുക്കൾക്ക് വെള്ളം നൽകുന്നതും കുളിപ്പിക്കുന്നതും ഷമാലിയായിരുന്നു. ജലസംഭരണ ടാങ്കിന് സമീപത്തുള്ള ടാപ്പിൽ നിന്നും യുവതി പുല്ലുകഴുകുമ്പോൾ സംഭരണി തകരുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ച പൊലീസും അഗ്നരക്ഷാസേനാ ഉദ്യോഗസ്ഥരും പറയുന്നു. 

ഒന്നര വർഷം മുമ്പ് നിർമിച്ച ടാങ്കിൽ നിറയെ വെള്ളമുണ്ടായിരുന്നു. അമിതസമ്മർദ്ദം മൂലം ജലസംഭരണി പൊട്ടി മൂന്ന് ഭാഗത്തേക്കും വെള്ളം ശക്തിയായി ഒഴുകിയിട്ടുണ്ട്. ഈ ഒഴുക്കിൽപ്പെട്ടായിരിക്കാം അമ്മയുടെയും കുഞ്ഞിന്റെയും മരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നര മണിക്കൂർ മുമ്പ് മരണം നടന്നതായി ഡോക്ടർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Eng­lish Sum­ma­ry: Moth­er and baby died after Palakkad reser­voir collapsed

You may also like this video

Exit mobile version