അമ്മ കൂടെകൂട്ടിയില്ല വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 15 ദിവസം മാത്രം പ്രായമുള്ള ആനക്കുട്ടിക്ക് കാവലായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ആനക്കുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. 29 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ആനക്കുട്ടിയെ ഒരു പിക്കപ്പ് ട്രക്കിൽ നിന്ന് ശ്രദ്ധാപൂർവ്വം ഇറക്കുന്നതാണ് കാണുന്നത്.
മറ്റൊരു ജില്ലയിലെ നദിയിൽ നിന്നാണ് ആനക്കുട്ടിയെ രക്ഷിച്ചത് എന്ന് പോസ്റ്റിൽ എഴുതിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ ശേഷം, വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം ആനക്കുട്ടിയെ അമ്മയുമായി ഒന്നിപ്പിക്കാൻ ശ്രമിച്ചിരുന്നതായും കസ്വാൻ പറയുന്നു. എന്നാൽ, അമ്മ ആനക്കുട്ടിയെ തിരികെ സ്വീകരിച്ചില്ല, അതിനാൽ കുഞ്ഞിനെ വിദഗ്ദ്ധ പരിചരണം നൽകുന്ന പരിചരണകേന്ദ്രങ്ങളിൽ താമസിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും പോസ്റ്റിൽ കസ്വാൻ വ്യക്തമാക്കുന്നു.

