പരിമിതി തോല്‍വി രുചിച്ച ട്രാക്കില്‍ ഇരട്ട സ്വര്‍ണം ഓടിയെടുത്ത ആദര്‍ശിന്റെ വിജയം അമ്മ ദീപ കണ്ടത് അത്യാഹ്ലാദത്താല്‍ ഹൃദയം നിറഞ്ഞ കണ്ണുനീര്‍ നനവിനാലാണ്. കാന്‍സറിനെതിരെയുള്ള അതിജീവന പോരാട്ടത്തില്‍ മുപ്പത് ശതമാനമായി കാഴ്ച ചുരുങ്ങിയ ആദര്‍ശിന്റെ വലത് കണ്ണ് പൂര്‍ണമായും ഇരുളെടുത്തിരുന്നു.
പാലക്കാട് ചെമ്പ്രയിലെ സിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് 14 വയസില്‍ താഴെയുള്ള സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലും അത്‌ലെറ്റിക്സില്‍ 400 മീറ്റര്‍ മിക്സഡ് റിലേയിലുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. നേട്ടത്തിന്പിന്നില്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവും മാത്രമല്ല തന്റെ സ്വപ്നത്തിന് വെളിച്ചം പകര്‍ന്ന അമ്മയുടെ പിന്തുണ കൂടെയുണ്ടെന്ന് ആദര്‍ശ് സാക്ഷ്യപ്പെടുത്തുന്നു.
മകന്റെ അടങ്ങാത്ത കായിക അഭിനിവേശം കുഞ്ഞുനാളിലേ തിരിച്ചറിഞ്ഞ അമ്മ പരിമിതിയുടെ ആശങ്ക തെല്ലും വകവയ്ക്കാതെ അവന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ചു. സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കായുള്ള മുന്നൊരുക്കത്തിനായി വീടിനടുത്തുള്ള മൈതാനത്തില്‍ മകനൊപ്പം ഓടിയാണ് ദീപ പരിശീലനം നല്‍കിയത്.
കാഴ്ചയില്ലാതെ കാന്‍സറിനെ അതിജീവിച്ച് ഇരട്ടസ്വര്‍ണത്തില്‍ ആദര്‍ശ് മുത്തമിടുമ്പോള്‍ മകനെ കായിക ലോകത്തിന്റെ ഉന്നതിയിലെത്തിക്കുമെന്ന ദൃഢനിശ്ചയം ആ അമ്മയുടെ കണ്ണുകളില്‍ തെളിഞ്ഞ് കാണാം.
അമ്മയ്ക്കൊരുമ്മ; പരിമിതിയില്ല, പരിധിക്കപ്പുറമാണ് ആദര്‍ശിന്റെ വിജയം

