രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ 10,000 രൂപയ്‌ക്ക് മാതാവ് വിറ്റതായി പരാതി. വയനാട് പൊഴുതന പഞ്ചായത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിറ്റതായി അറിഞ്ഞത്.
വിൽപനയ്‌ക്ക് ഇടനിലക്കാരിയായി പ്രവർത്തിച്ച ആശാവർക്കർ ഉഷ, കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ എന്നിവർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. 11-ാം തീയതിയാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. വൈത്തിരി പോലീസ് മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച വയനാട്ടിലെത്തിച്ചു. കുട്ടി സിഡബ്ല്യൂസിയുടെ സംരക്ഷണയിലാണ്.
സിഡബ്ല്യൂസി ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കുട്ടിയെയും മാതാവിനെയും തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. ദമ്പതിമാരോട് വൈത്തിരി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവുമായി അകന്ന് നിൽക്കുകയാണ് കുഞ്ഞിന്റെ അമ്മ. ഇവർ മുൻപ് അത്തിമൂലയിൽ വാടകയ്‌ക്ക് താമസിച്ചിരുന്നു. ഈ വാർഡിന്റെ ചുമതല വഹിച്ചിരുന്നയാളാണ് ആശാ വർക്കറായ ഉഷ. ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.