ഏഴുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.
2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് സംഭവം. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതിയായ അമ്മ കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ പ്രതിയുടെ മകളായ കുട്ടിയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലൻ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു.
കുട്ടി അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടർന്നും പീഡനം ആവർത്തിച്ചു. ഇടയ്ക്ക് പതിനൊന്ന് കാരിയായ ചേച്ചി വീട്ടിൽ വന്നപ്പോൾ പീഡന വിവരം കുട്ടി പറഞ്ഞിരുന്നു. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല.
ചേച്ചി കുട്ടിയേയും കൂട്ടി വീട്ടിൽ നിന്ന് രക്ഷപെട്ട് അച്ഛന്റെ അമ്മയുടെ വീട്ടിൽ എത്തി വിവരം പറഞ്ഞു. ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മുമ്മ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഈ കാലയളവിൽ പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുമായി താമസമായി. അയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ഈ കേസിൻ്റെ വിചാരണയും തുടങ്ങി. അമ്മുമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു.
അവിടെ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ വിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയതിരുന്നു. അതിനാൽ അമ്മയ്ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികൾ ചിൽഡ്രൻസ് ഹോമിലാണ് നിലവിൽ കഴിയുന്നത്.
English Summary: Mother sentenced to 40 years
You may also like this video