നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയെ തിരിച്ചറിഞ്ഞു. പ്രസവിച്ച ശേഷം കുഞ്ഞിനെ ആലപ്പുഴ തുമ്പോളിയിൽ പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തുമ്പോളി വികസന ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ കുട്ടിയുടെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിനൊടുവിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷിച്ചതാണെന്ന് വ്യക്തമായതോടെ പൊലീസ് അമ്മയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രസവത്തിന് ശേഷമുള്ള അമിത രക്തസ്രാവത്തെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം യുവതി ഭർത്താവിനും അമ്മയ്ക്കും ഒപ്പം ഇതേ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. കുട്ടിയെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി വൈകാതെ രക്തസ്രാവം കാരണം അവശയായി. ഇതോടെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയിൽ ഒപ്പമെത്തിയ ഭർത്താവും മാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ മൊഴി നൽകി.
ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും വിശദമായി മൊഴിയെടുക്കും. കുഞ്ഞിനെ ഉപേക്ഷിച്ചതിന് അമ്മയെ വൈകാതെ അറസ്റ്റ് ചെയ്യും. അമ്മയെ ചോദ്യം ചെയ്താൽ മാത്രമെ കുടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളു എന്നും, യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞില്ലെന്ന ഭർത്താവിന്റെയും അമ്മയുടെയും വാദം വിശ്വാസയോഗ്യമല്ലെന്നും ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു.
English Summary: Mother will be arrested soon in child abandoned case in Alappuzha
You may like this video also